റയൽ- നാപ്പോളി മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആശങ്ക പരത്തി ഭൂകമ്പം!

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡ് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. ഇറ്റാലിയൻ കരുത്തരായ നാപോളിയാണ് റയലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക. നാപ്പോളിയുടെ ഡിയഗോ അർമാൻഡോ മറഡോണ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈയൊരു മത്സരം നടക്കുക.

എന്നാൽ ഈ മത്സരത്തിനു മുന്നേ ആശങ്ക പരത്തിക്കൊണ്ട് നേപ്പിൾസിൽ ഭൂകമ്പം ഉണ്ടായിട്ടുണ്ട്. നേപ്പിൾസിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂകമ്പം സംഭവിച്ചിട്ടുള്ളത്. സ്റ്റേഡിയത്തിൽ നിന്നും 9 കിലോമീറ്റർ അകലെയുള്ള ക്യാമ്പി ഫ്ലഗ്രി എന്ന പ്രദേശത്താണ് ഭൂകമ്പം വലിയ രൂപത്തിൽ അനുഭവപ്പെട്ടത്. റയൽ മാഡ്രിഡ് താരങ്ങൾ ഈ നഗരത്തിന്റെ ഡൗൺ ടൗണിലുള്ള ഹോട്ടലിലാണ് താമസിക്കുന്നത്. ഈ ഭൂകമ്പം അവിടെ ബാധിച്ചിട്ടില്ല.

രാത്രി 10 മണിക്കാണ് ഈ ഭൂകമ്പം നടന്നിട്ടുള്ളത്.നാല് തീവ്രതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 40 വർഷത്തിനിടയിലുള്ള ഏറ്റവും തീവ്രതയേറിയ രണ്ടാമത്തെ ഭൂകമ്പമാണ് ഇപ്പോൾ ഇവിടെ സംഭവിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ 4.2 തീവ്രതയുള്ള ഭൂകമ്പം ഈ നഗരത്തിൽ സംഭവിച്ചിരുന്നു. ഇവിടത്തെ ആശ്വാസകരമായ കാര്യം എന്തെന്നാൽ നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നത് തന്നെയാണ്. ഭൂകമ്പം അനുഭവപ്പെട്ടതോടെ ആളുകൾ എല്ലാവരും തെരുവുകളിൽ തടിച്ചു കൂടുകയായിരുന്നു.

ഇന്നത്തെ മത്സരത്തെ ഇത് ബാധിക്കില്ല എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡ് യൂണിയൻ ബെർലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. അതേസമയം ബ്രാഗയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ടാണ് ഇപ്പോൾ നാപോളി ഈ മത്സരത്തിന് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *