റയൽ താരമെന്നോണം എംബപ്പേയെ വരവേറ്റ് റയൽ ആരാധകർ!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയെ പരാജയപ്പെടുത്താൻ റയലിന് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ പിഎസ്ജിയെ കീഴടക്കിയത്.ഇതോടെ റയൽ ക്വാർട്ടറിലേക്ക് മുന്നേറുകയും പിഎസ്ജി പുറത്താവുകയും ചെയ്തിട്ടുണ്ട്. സൂപ്പർ താരം കരിം ബെൻസിമയുടെ ഹാട്രിക്കാണ് റയലിന് തുണയായത്.
ഇരുപാദങ്ങളിലുമായി പിഎസ്ജി ആകെ രണ്ട് ഗോളുകളാണ് റയലിനെതിരെ നേടിയത്. ഈ രണ്ടു ഗോളുകളും പിറന്നത് സൂപ്പർതാരം കിലിയൻ എംബപ്പേയുടെ ബൂട്ടിൽ നിന്നായിരുന്നു.എന്നാൽ സാന്റിയാഗോ ബെർണാബുവിൽ കിലിയൻ എംബപ്പേക്ക് റയൽ മാഡ്രിഡിന്റെ ആരാധകരിൽ നിന്നും ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്.
— Murshid Ramankulam (@Mohamme71783726) March 10, 2022
അതായത് മത്സരത്തിനു മുന്നേ കിലിയൻ എംബപ്പേയുടെ പേര് വിളിച്ചപ്പോൾ വലിയ രൂപത്തിലുള്ള കരഘോഷം മുഴങ്ങിയിരുന്നു.റയലിന്റെ ആരാധകർ തന്നെയാണ് താരത്തിന് കയ്യടികൾ നൽകിയത്.താരത്തെ ഇമ്പ്രെസ്സ് ചെയ്യിക്കാനുള്ള ശ്രമങ്ങൾ റയൽ ആരാധകരുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നുള്ളത് നേരത്തെ തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.എംബപ്പേയോട് വളരെ ബഹുമാനപൂർവ്വമാണ് റയൽ ആരാധകർ ഇടപെട്ടത് എന്നാണ് മാർക്ക ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ സീസണോട് കൂടിയാണ് എംബപ്പേയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുക.തന്റെ ഭാവിയെ കുറിച്ച് എംബപ്പേ ഇതുവരെ തീരുമാനങ്ങൾ ഒന്നും കൈക്കൊണ്ടിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായ സ്ഥിതിക്ക് ഉടൻ തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.താരം പിഎസ്ജി വിട്ടു കൊണ്ട് റയലിൽ എത്തുമെന്നുള്ള പ്രതീക്ഷയിലാണ് റയലിന്റെ ആരാധകർ.