റയലിന്റെ ഫൈനൽ പ്രവേശനം,ചരിത്രം കുറിച്ച് ആഞ്ചലോട്ടി!
ഒരിക്കൽ കൂടി സാന്റിയാഗോ ബെർണാബു ഒരു വീരോചിത തിരിച്ചു വരവിന് ഇന്നലെ സാക്ഷ്യം വഹിക്കുകയായിരുന്നു. ചാമ്പ്യൻസ് ലീഗിന്റെ രണ്ടാംപാദ സെമി ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്.ഇതോടെ അഗ്രിഗേറ്റിൽ അഞ്ചിനെതിരെ 6 ഗോളുകളുടെ വിജയം നേടിയ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ പ്രവേശിക്കുകയായിരുന്നു.
ഈ ഫൈനൽ പ്രവേശനത്തോട് കൂടി റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി ഒരു റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട്. അതായത് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ഏറ്റവും കൂടുതൽ തവണ പ്രവേശിക്കുന്ന പരിശീലകൻ എന്ന റെക്കോർഡാണ് ആഞ്ചലോട്ടി സ്വന്തമാക്കിയിട്ടുള്ളത്. ഇത് അഞ്ചാം തവണയാണ് ആഞ്ചലോട്ടിയുടെ ടീം യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ കളിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) May 5, 2022
2003,2005,2007 സീസണുകളിലാണ് ആഞ്ചലോട്ടി എസി മിലാനെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ എത്തിച്ചത്. പിന്നീട് 2014ൽ റയൽ മാഡ്രിഡിനെ ആഞ്ചലോട്ടി ഫൈനലിൽ എത്തിച്ചു. ഇപ്പോൾ ഒരിക്കൽ കൂടി റയൽ മാഡ്രിഡ് ആഞ്ചലോട്ടിക്ക് കീഴിൽ ഫൈനൽ കളിക്കാനുള്ള ഒരുക്കത്തിലാണ്.
ആഞ്ചലോട്ടിയുടെ ഫൈനൽ കണക്കുകളും എതിരാളികളായ ലിവർപൂളിന് ഭയം സൃഷ്ടിക്കുന്നതാണ്. അതായത് ഇതിനു മുമ്പ് കളിച്ച 4 ഫൈനലുകളിൽ മൂന്നെണ്ണത്തിലും ആഞ്ചലോട്ടിയുടെ ടീം വിജയിച്ചിട്ടുണ്ട്.2005-ലായിരുന്നു ആഞ്ചലോട്ടി പരാജയപ്പെട്ടത്. അന്ന് ലിവർപൂളായിരുന്നു UCL കിരീടം ചൂടിയത്.
ഏതായാലും മറ്റൊരു ഫൈനലിനാണ് ആഞ്ചലോട്ടിയും സംഘവും ഒരുങ്ങുന്നത്. വമ്പൻമാരായ പിഎസ്ജി,ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നിവരൊക്കെ കീഴടക്കി കൊണ്ടാണ് റയൽ മാഡ്രിഡ് ഫൈനലിനു എത്തുന്നത്.