റയലിനെതിരെ ഏറ്റവും മികച്ച കണ്ടീഷനിലായിരിക്കും ഞങ്ങൾ : പോച്ചെട്ടിനോ
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ വമ്പന്മാരുടെ പോരാട്ടമാണ് ഫുട്ബോൾ ലോകത്തെ കാത്തിരിക്കുന്നത്.സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്റെ എതിരാളികൾ ഫ്രഞ്ച് ശക്തികളായ പിഎസ്ജിയാണ്.വരുന്ന 15-ആം തിയ്യതി പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ആദ്യപാദ മത്സരം അരങ്ങേറുക.
എന്നാൽ പിഎസ്ജിയെ സംബന്ധിച്ചെടുത്തോളം ചില ആശങ്കകളുണ്ട്.നെയ്മർ,റാമോസ് എന്നിവർ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ പരിക്കിന്റെ പിടിയിലാണ്.പക്ഷെ പിഎസ്ജിയുടെ പരിശീലകനായ പോച്ചെട്ടിനോ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.റയലിനെതിരെ പിഎസ്ജി ഏറ്റവും മികച്ച കണ്ടീഷനിലായിരിക്കും ഇറങ്ങുക എന്നാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പോച്ചെട്ടിനോയുടെ വാക്കുകൾ ഇങ്ങനെയാണ്.
Video: ‘We’ll Be In Our Best Condition’ – Mauricio Pochettino Discusses Preparation for Real Madrid https://t.co/aRR1u1u7w0
— PSG Talk (@PSGTalk) February 5, 2022
” കഴിഞ്ഞ വർഷം ഉൾപ്പെടെയുള്ള വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഞങ്ങൾക്ക് ഇപ്പോൾ തയ്യാറെടുപ്പിനുള്ള സമയമുണ്ട്. കാര്യക്ഷമതയോട് കൂടിയും നല്ല രൂപത്തിലും ടീമിനെ മാറ്റിയെടുക്കാനാണ് ഞങ്ങൾ ഇപ്പോൾ ശ്രമിക്കുന്നത്. പ്രത്യേകിച്ച് ശാരീരികക്ഷമതയുടെ കാര്യത്തിൽ. ഞങ്ങൾ ഹാപ്പിയാണ്, കാര്യങ്ങൾ നല്ല രൂപത്തിൽ മുന്നോട്ടുപോകുമെന്ന് തന്നെയാണ് ഞങ്ങൾ കരുതുന്നത്. എല്ലാവരും കാത്തിരിക്കുന്ന റയലിനെതിരെയുള്ള മത്സരത്തിൽ മികച്ച ഫോമോട് കൂടെയായിരിക്കും ഞങ്ങൾ സമീപിക്കുക.ഞങ്ങൾ ഏറ്റവും മികച്ച കണ്ടീഷനിലായിരിക്കുമെന്നുള്ള കാര്യം എനിക്കുറപ്പാണ്.ഏതായാലും കളക്റ്റീവ് ഫിസിക്കൽ വർക്ക് ഞങ്ങൾക്ക് നല്ല രൂപത്തിൽ നിർവഹിക്കാൻ കഴിയുന്നുണ്ട് ” പോച്ചെട്ടിനോ പറഞ്ഞു.
സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ,റാമോസ് എന്നിവർ ഈ മത്സരത്തിൽ ഇറങ്ങുമോ എന്നുള്ള കാര്യം സംശയത്തിലാണ്.ഇവരുടെ അഭാവം പിഎസ്ജിക്ക് തിരിച്ചടിയാവുമെന്നുള്ള കാര്യത്തിൽ സംശയമില്ല.