രണ്ടാം തവണയും UCL ഫൈനലിൽ ഞങ്ങളോട് തോൽക്കുന്നത് സലാക്ക് പ്രശ്നമാവില്ലെന്ന് കരുതുന്നു : കാർവഹൽ പറയുന്നു!
വരുന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ റയൽ മാഡ്രിഡിന്റെ എതിരാളികൾ ലിവർപൂളാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12:30-ന് പാരീസിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ഈ മത്സരത്തിന് മുന്നേ റയലിനെ വെല്ലുവിളിക്കുന്ന രൂപത്തിലുള്ള പ്രസ്താവനകൾ ലിവർപൂളിന്റെ സൂപ്പർതാരമായ മുഹമ്മദ് സലാ നടത്തിയിരുന്നു.ഫൈനലിൽ റയലിനെ കിട്ടാനായിരുന്നു തങ്ങൾ ഏറെ ആഗ്രഹിച്ചത് എന്നായിരുന്നു സലാ പറഞ്ഞിരുന്നത്.
എന്നാൽ ഇതിന് പരിഹാസരൂപേണ റയലിന്റെ സ്പാനിഷ് സൂപ്പർ താരമായ ഡാനി കാർവഹൽ മറുപടി നൽകിയിട്ടുണ്ട്. അതായത് രണ്ടാം തവണയും ഞങ്ങളുടെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരാജയപ്പെടുന്നത് സലാക്ക് ഒരു ബുദ്ധിമുട്ടാവില്ലെന്ന് കരുതുന്നു എന്നാണ് കാർവഹൽ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 27, 2022
” സലായും ലിവർപൂളും ഞങ്ങളോട് പ്രതികാരം ചെയ്യാനുള്ള ഒരുക്കത്തിലാണോ എന്നുള്ള കാര്യം എനിക്കറിയില്ല. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഒരു തവണ ഒരു ടീമിനോട് പരാജയപ്പെട്ടാൽ ആ ടീമിനെ തന്നെ രണ്ടാമതൊന്ന് കൂടി ഫൈനലിൽ ലഭിക്കണമെന്നും അവരെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം ചൂടണമെന്നും ആഗ്രഹിക്കുന്നത് യാഥാർഥ്യമായ ഒരു കാര്യം തന്നെയാണ്. പക്ഷേ ഞങ്ങൾക്കെതിരെ രണ്ടാം തവണയും യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരാജയപ്പെടുന്നത് സലാക്ക് ബുദ്ധിമുട്ടാവില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം ” ഇതാണ് കാർവഹൽ പറഞ്ഞത്.
2018ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയലും ലിവർപൂളും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. അന്ന് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് ലിവർപൂളിനെ പരാജയപ്പെടുത്തിയത്.