രണ്ടാംപാദത്തിൽ റയലിനെതിരെ ഹാലന്റിന് എളുപ്പമാകും : പെപ് ഗാർഡിയോള

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ സെമിഫൈനൽ പോരാട്ടത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമായിരുന്നു നേടിയിരുന്നത്. അതുകൊണ്ടുതന്നെ രണ്ട് ടീമുകളെ സംബന്ധിച്ചിടത്തോളം രണ്ടാം പാദം ഒരുപോലെ നിർണായകമാണ്. വരുന്ന ബുധനാഴ്ച മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

കഴിഞ്ഞ മത്സരത്തിൽ സൂപ്പർ താരം ഏർലിംഗ് ഹാലന്റിന് ഗോളുകളോ അസിസ്റ്റുകളോ നേടാൻ കഴിഞ്ഞിരുന്നില്ല.മാത്രമല്ല കേവലം 21 തവണ മാത്രമാണ് അദ്ദേഹം ബോൾ ടച്ച് ചെയ്തിട്ടുള്ളത്. റയൽ മാഡ്രിഡ് ഡിഫൻഡർ ആയ അന്റോണിയോ റൂഡിഗർ വളരെ കൃത്യമായി മത്സരത്തിൽ ഹാലന്റിനെ പൂട്ടുകയായിരുന്നു. സിറ്റിയുടെ പരിശീലകനായ പെപ് ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്.ഹാലന്റിന് അടുത്ത മത്സരത്തിൽ കൂടുതൽ എളുപ്പമാകും എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആദ്യമായി ഞാൻ റൂഡിഗറിന് അഭിനന്ദനങ്ങൾ നേരുന്നു. പക്ഷേ ഹാലന്റിന് 22 വയസ്സ് മാത്രമാണ് ആയിട്ടുള്ളത് എന്നത് നാം മറക്കാൻ പാടില്ല. അദ്ദേഹം തന്റെ കരിയറിൽ ആദ്യമായാണ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരം കളിക്കുന്നത്. ഫുട്ബോളിലെ ഏറ്റവും വലിയ സ്റ്റേജുകളിൽ ഒന്നായ ബെർണാബുവിൽ അദ്ദേഹം ആദ്യമായാണ് പോകുന്നത്.ഒരുപാട് ടോപ്പ് ക്ലാസ്സ് താരങ്ങൾ ഉള്ള ഒരു മികച്ച ക്ലബ്ബിനെതിരെയാണ് അദ്ദേഹം കളിച്ചത്. അടുത്ത മത്സരത്തിൽ തീർച്ചയായും ഹാലന്റിന് കൂടുതൽ എളുപ്പമായിരിക്കും ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ ആകെ 51 ഗോളുകൾ നേടിയിട്ടുള്ള താരമാണ് ഹാലന്റ്. സിറ്റിയെ മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ തീർച്ചയായും അദ്ദേഹം രണ്ടാം പാദ മത്സരത്തിൽ തിളങ്ങേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *