രക്ഷകനായി ബെൻസിമ അവതരിച്ചു, ഒന്നാം സ്ഥാനക്കാരായി റയൽ മാഡ്രിഡ്‌ പ്രീ ക്വാർട്ടറിൽ !

നിർണായകമത്സരത്തിൽ ഇരട്ടഗോളുകളുമായി സൂപ്പർ താരം കരിം ബെൻസിമ അവതരിച്ചപ്പോൾ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാഷിന് മറുപടിയുണ്ടായിരുന്നില്ല. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ്‌ ബൊറൂസിയയെ തകർത്തു വിട്ടത്. മത്സരത്തിലെ തോൽവി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവാൻ വരെ കാരണമായേക്കുമെന്ന സ്ഥിതിയിൽ നിന്നും ഗ്രൂപ്പ്‌ ചാമ്പ്യൻമാരായിക്കൊണ്ടാണ് റയൽ മാഡ്രിഡ്‌ പ്രീക്വാർട്ടറിലേക്ക് പ്രവേശിക്കുന്നത്.

ആദ്യപകുതിയിൽ ബെൻസിമ നേടിയ ഇരട്ടഹെഡർ ഗോളുകളാണ് റയൽ മാഡ്രിഡിന്റെ രക്ഷക്കെത്തിയത്. ജയത്തോടെ പത്ത് പോയിന്റുകൾ നേടിക്കൊണ്ട് ഒന്നാം സ്ഥാനക്കാരായി തന്നെ മുന്നേറാൻ റയൽ മാഡ്രിഡിന് സാധിച്ചു. അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ ഇന്റർമിലാൻ ഷാക്തർ ഡോണസ്ക്കിനോട് സമനില വഴങ്ങുകയായിരുന്നു. ഇതോടെ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാഷ് രണ്ടാം സ്ഥാനക്കാരായി കൊണ്ട് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. അവസാനസ്ഥാനത്താണ് ഇന്റർ ഫിനിഷ് ചെയ്തത്.

ബെൻസിമ, റോഡ്രിഗോ, വിനീഷ്യസ് എന്നിവരാണ് റയൽ മാഡ്രിഡിന്റെ മുന്നേറ്റങ്ങൾക്ക്‌ നേതൃത്വം നൽകിയത്. മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ തന്നെ നിർണായകഗോൾ നേടാൻ ബെൻസിമക്ക് സാധിച്ചു. ലുക്കാസ് വാസ്‌കസിന്റെ ക്രോസിൽ നിന്നും ഒരു തകർപ്പൻ ഹെഡറിലൂടെയാണ് ബെൻസിമ വലകുലുക്കിയത്. ആ ഗോളിന്റെ തനിപകർപ്പെന്നോണം ബെൻസിമ രണ്ടാം ഗോളും കണ്ടെത്തി. 32-ആം മിനുട്ടിൽ റോഡ്രിഗോയുടെ ക്രോസിൽ നിന്നായിരുന്നു ബെൻസിമ ഇരട്ടഗോൾ തികച്ചത്. പിന്നീട് മത്സരത്തിലുടനീളം ഉജ്ജ്വലപ്രകടനം നടത്തിയെങ്കിലും കൂടുതൽ ഗോളുകൾ നേടാൻ റയൽ മാഡ്രിഡിന് സാധിക്കാതെ പോവുകയായിരുന്നു. അതേസമയം മിന്നുന്ന പ്രകടനം നടത്തിയ ലുക്കാ മോഡ്രിച്ച് ഏവരുടെയും കയ്യടി നേടി. പ്രതിരോധനിരയിൽ റാമോസ് തിരിച്ചെത്തിയതും റയൽ മാഡ്രിഡിന് അനുകൂലഘടകമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *