യൂറോപ്പ ലീഗ്, ഫൈനലിൽ കാത്തിരിക്കുന്നത് സ്പാനിഷ്-ഇംഗ്ലീഷ് യുദ്ധം!

ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ഇംഗ്ലീഷ് യുദ്ധമാണ് അരങ്ങേറാൻ പോവുന്നതെങ്കിൽ യൂറോപ്പ ലീഗിൽ ആരാധകരെ കാത്തിരിക്കുന്നത് സ്പാനിഷ്-ഇംഗ്ലീഷ് യുദ്ധമാണ്. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലോടെയാണ് യൂറോപ്പ ലീഗിലെ ഫൈനൽ ലൈനപ്പ് പൂർത്തിയായത്. കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡും ലാലിഗയിലെ വിയ്യാറയലുമാണ് ഇത്തവണത്തെ യൂറോപ്പ ലീഗിൽ പരസ്പരം പോരടിക്കുക. ഇറ്റാലിയൻ വമ്പൻമാരായ റോമയെ തകർത്തു കൊണ്ടാണ് യുണൈറ്റഡിന്റെ വരവെങ്കിൽ പ്രീമിയർ ലീഗിലെ തന്നെ ആഴ്സണലിനെ കീഴടക്കി കൊണ്ടാണ് വിയ്യാറയൽ ഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്.മെയ് 26-ആം തിയ്യതിയാണ് ഈ ഫൈനൽ അരങ്ങേറുക.

തോറ്റെങ്കിലും യുണൈറ്റഡ് ഫൈനലിൽ

ഇന്നലെ നടന്ന രണ്ടാം പാദ മത്സരത്തിൽ 3-2 എന്ന സ്കോറിന് റോമയുടെ മൈതാനത്ത് വെച്ച് പരാജയപ്പെട്ടെങ്കിലും ആദ്യപാദത്തിൽ നേടിയ തകർപ്പൻ ജയത്തിന്റെ ആനുകൂല്യത്തിൽ യുണൈറ്റഡ് ഫൈനൽ കാണുകയായിരുന്നു.6-2 എന്ന സ്കോറിനായിരുന്നു യുണൈറ്റഡ് ആദ്യപാദത്തിൽ വിജയിച്ചത്. ഇതോടെ ഇരുപാദങ്ങളിലുമായി 8-5 ന്റെ തകർപ്പൻ ജയം നേടാൻ യുണൈറ്റഡിന് സാധിച്ചു. ഇന്നലത്തെ മത്സരത്തിൽ റോമക്ക് വേണ്ടി സെക്കോ, ക്രിസ്റ്റന്റെ എന്നിവർ ഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോൾ ടെല്ലസിന്റെ സെൽഫ് ഗോളായിരുന്നു. അതേസമയം യുണൈറ്റഡിന്റെ രണ്ട് ഗോളുകളും നേടിയത് സൂപ്പർ താരം എഡിൻസൺ കവാനിയാണ്.

ഫൈനൽ കാണാതെ പുറത്തായി പീരങ്കിപ്പട

ഇന്നലത്തെ രണ്ടാം സെമിയിൽ ആഴ്സണലിനെ അവരുടെ മൈതാനത്ത് സമനിലയിൽ തളക്കാൻ വിയ്യാറയലിന് സാധിക്കുകയായിരുന്നു. ഗോൾ രഹിത സമനിലയാണ് ആഴ്സണൽ വഴങ്ങിയത്. ആദ്യപാദ മത്സരത്തിൽ സ്വന്തം മൈതാനത്ത് 2-1 ന്റെ വിജയം നേടാൻ വിയ്യാറയലിന് സാധിച്ചിരുന്നു. ഇതിന്റെ മികവിലാണ് വിയ്യാറയൽ ഫൈനൽ കണ്ടത്. ഏതായാലും ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് പ്രീമിയർ ലീഗിന് ഉറപ്പായ സ്ഥിതിക്ക് യൂറോപ്പ ലീഗ് ആര് നേടുമെന്ന ആകാംക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *