യുവേഫ ചാമ്പ്യൻസ് ലീഗിന് ഇന്ന് തുടക്കം,അറിയേണ്ടതെല്ലാം!

കഴിഞ്ഞ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡായിരുന്നു സ്വന്തമാക്കിയിരിക്കുന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റയൽ മാഡ്രിഡ് ലിവർപൂളിനെ പരാജയപ്പെടുത്തിയത്. തങ്ങളുടെ ചരിത്രത്തിലെ പതിനാലാം ചാമ്പ്യൻസ് ലീഗ് കിരീടമാണ് റയൽ മാഡ്രിഡ് നേടിയത്.

ഏതായാലും അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ യഥാർത്ഥത്തിൽ ഇന്ന് തന്നെ ആരംഭിക്കുന്നുണ്ട്. പക്ഷേ ഇന്ന് തുടക്കമാവുന്നത് പ്രിലിമിനറി റൗണ്ടിലെ സെമി ഫൈനൽ മത്സരങ്ങൾക്കാണ്.യുവേഫ റാങ്കിംഗിൽ ഏറ്റവും താഴെ നിൽക്കുന്ന നാല് അസോസിയേഷനുകളിലെ ടീമുകൾ തമ്മിലാണ് മാറ്റുരക്കുക. ഇത്തവണ സാൻ മറീനോ,അന്റോറ,എസ്റ്റോണിയ, ഐസ്ലാൻഡ് എന്നിവിടങ്ങളിലെ 4 ക്ലബ്ബുകൾ തമ്മിലാണ് മാറ്റുരക്കുക. ഈ ടൂർണമെന്റിൽ വിജയികളാകുന്നവർ ആദ്യത്തെ യോഗ്യതാ റൗണ്ടിൽ പ്രവേശിക്കും. അവരെ അവിടെ കാത്തിരിക്കുന്നത് സ്വീഡിഷ്‌ ക്ലബ്ബായ മാൽമോയാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 6:30-നാണ് പ്രിലിമിനറി മത്സരങ്ങൾക്ക് തുടക്കമാവുക.

അതേസമയം യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ സെപ്റ്റംബർ ആറാം തീയതിയാണ്. പിന്നീട് ഖത്തർ വേൾഡ് കപ്പിന് വേണ്ടി നവംബർ മുതൽ ഡിസംബർ വരെ ഒരു ഇടവേള ഉണ്ടാകും. അടുത്തവർഷം ഫെബ്രുവരിയിലാണ് പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമാവുക. മെയ് ഒമ്പതാം തീയതിയാണ് ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ പോരാട്ടങ്ങൾ ആരംഭിക്കുക. ജൂൺ പത്താം തീയതി ചാമ്പ്യൻസ് ലീഗിന്റെ കലാശപ്പോരാട്ടം അരങ്ങേറുകയും ചെയ്യും.ഇസ്താംബൂളിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.

ഏതായാലും ഫുട്ബോൾ ലോകത്തെ ഒട്ടുമിക്ക പ്രമുഖ ക്ലബ്ബുകളും അടുത്ത യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധിച്ചേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *