യുവേഫ ക്ലബ് റാങ്കിങ്സ്, റയൽ മാഡ്രിഡ്‌ പിറകിലേക്ക്, മുൻപന്തിയിൽ തുടർന്ന് ബാഴ്സലോണ !

പുതുക്കിയ യുവേഫ ക്ലബ് റാങ്കിങ്സിൽ റയൽ മാഡ്രിഡിന് തിരിച്ചടി. ഏറെ കാലം ഒന്നാം സ്ഥാനം കയ്യടക്കി വെച്ചിരുന്ന റയൽ മാഡ്രിഡ്‌ ഇത്തവണ നാലാം സ്ഥാനത്താണ്. ചാമ്പ്യൻസ് ലീഗിലെ മോശം പ്രകടനമാണ് റയൽ മാഡ്രിഡിന് വിനയായിരിക്കുന്നത്. ഈ സീസണിലെ ഗ്രൂപ്പ്‌ ഘട്ടത്തിൽ രണ്ട് മത്സരങ്ങളിൽ തോൽക്കുകയും ഒരെണ്ണത്തിൽ സമനില വഴങ്ങുകയുമാണ് റയൽ മാഡ്രിഡ്‌ ചെയ്തത്. ഇതിനാൽ തന്നെ ചാമ്പ്യൻസ് ലീഗിൽ പുറത്താവലിന്റെ വക്കിലാണ് റയൽ മാഡ്രിഡ്‌. അതേസമയം ചിരവൈരികളായ എഫ്സി ബാഴ്സലോണ മുൻപന്തിയിൽ തന്നെയുണ്ട്. രണ്ടാം സ്ഥാനത്താണ് ബാഴ്സയുള്ളത്. ബയേൺ മ്യൂണിക്ക് മാത്രമാണ് ബാഴ്സക്ക്‌ മുന്നിലുള്ളത്. അതേസമയം ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് റയലിന് മുന്നിലായി മൂന്നാം സ്ഥാനത്തുണ്ട്.

കഴിഞ്ഞ അഞ്ച് സീസണുകളിലെ പ്രകടനം അനുസരിച്ചാണ് റാങ്കിങ് യുവേഫ തയ്യാറാക്കുന്നത്. 120 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ബയേണിന്റെ സമ്പാദ്യം. രണ്ടാമതുള്ള ബാഴ്സക്ക്‌ 116 പോയിന്റുകൾ ഉണ്ട്. മൂന്നാം സ്ഥാനത്തുള്ള യുവന്റസിനാവട്ടെ 111 പോയിന്റുകൾ ആണുള്ളത്. നാലാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 110 പോയിന്റുകളാണ്. അഞ്ചാം സ്ഥാനത്തുള്ള അത്‌ലെറ്റിക്കോ മാഡ്രിഡിന് 108 പോയിന്റുകൾ ആണുള്ളത്. ആദ്യ അഞ്ചിൽ ഒരൊറ്റ പ്രീമിയർ ലീഗ് ക്ലബ്ബിന് സ്ഥാനം പിടിക്കാനായിട്ടില്ല. ആറാമതാണ് മാഞ്ചസ്റ്റർ സിറ്റി. 103 പോയിന്റാണ് സിറ്റിക്കുള്ളത്. ഏഴാം സ്ഥാനത്തുള്ള പിഎസ്ജിക്ക്‌ 99 പോയിന്റുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ്, സെവിയ്യ, ലിവർപൂൾ, ആഴ്സണൽ, ടോട്ടൻഹാം, ഡോർട്മുണ്ട്, ചെൽസി, ലിയോൺ എന്നിവരാണ് എട്ട് മുതൽ പതിനഞ്ച് സ്ഥാനങ്ങളിൽ വരെയുള്ളവർ.

Leave a Reply

Your email address will not be published. Required fields are marked *