യുവന്റസിന് വേണ്ടി നോക്കോട്ട് റൗണ്ടിൽ ഏഴു ഗോളുകൾ,ക്രിസ്റ്റ്യാനോ പേടിയിൽ പോർട്ടോ ഇന്നിറങ്ങുന്നു!

ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടങ്ങളുടെ ആദ്യപാദ മത്സരത്തിൽ കരുത്തരായ യുവന്റസിന്റെ എതിരാളികൾ എഫ്സി പോർട്ടോയാണ്. പോർട്ടോയുടെ മൈതാനത്ത് ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-നാണ് മത്സരം നടക്കുക. എന്നാൽ പോർട്ടോക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുക തങ്ങളുടെ നാട്ടുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയായിരിക്കും. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വലിയ ഗോളടിവീരന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ എങ്ങനെ പിടിച്ചു കിട്ടുമെന്നായിരിക്കും പോർട്ടോ നേരിടുന്ന ഏറ്റവും വലിയ ചോദ്യം. യുവന്റസിലെത്തിയ ശേഷവും തന്റെ ചാമ്പ്യൻസ് ലീഗിലെ ഗോൾവേട്ടക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ മുമ്പ് തന്നെ തെളിയിച്ചതാണ്. നോക്കോട്ട് റൗണ്ടുകളിലും യുവന്റസിന് വേണ്ടി റൊണാൾഡോ ഗോളടിച്ചു കൂട്ടിയിട്ടുണ്ട്.

2018-ൽ യുവന്റസിൽ എത്തിയ റൊണാൾഡോ ആകെ ആറ് മത്സരങ്ങളാണ് ചാമ്പ്യൻസ് ലീഗ് നോക്കോട്ട് റൗണ്ടിൽ കളിച്ചിട്ടുള്ളത്. അത്ലെറ്റിക്കോ മാഡ്രിഡ്‌,അയാക്സ്, ഒളിമ്പിക് ലിയോൺ എന്നിവർക്കെതിരെയാണ് ഇരുപാദങ്ങളിലുമായി റൊണാൾഡോ കളിച്ചിട്ടുള്ളത്. ഈ മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. 2018-19 സീസണിൽ അത്ലെറ്റിക്കോയോട് ആദ്യപാദത്തിൽ 2-0 എന്ന സ്കോറിന് യുവന്റസ് പരാജയപ്പെട്ടിരുന്നു. എന്നാൽ രണ്ടാം പാദത്തിൽ ഹാട്രിക് നേടിക്കൊണ്ട് റൊണാൾഡോ പകരം വീട്ടുകയായിരുന്നു. അതിന് ശേഷം റൊണാൾഡോ അയാക്സിനെതിരെ രണ്ട് പാദങ്ങളിലും ഓരോ ഗോളുകൾ വീതം നേടിയിരുന്നു. എന്നാൽ 3-2 എന്ന സ്കോറിന് യുവന്റസ് പരാജയപ്പെട്ടു. പിന്നീട് കഴിഞ്ഞ സീസണിൽ ലിയോണിനെയാണ് യുവന്റസ് നോക്കോട്ട് റൗണ്ടിൽ നേരിട്ടത്.റൊണാൾഡോ ഇരട്ടഗോളുകൾ നേടിയെങ്കിലും യുവന്റസ് പുറത്താവുകയായിരുന്നു. ഒരിക്കൽ കൂടി റൊണാൾഡോ നോക്കോട്ട് സ്റ്റേജിൽ ഇറങ്ങുമ്പോൾ ഗോളടിച്ചു കൂട്ടുക എന്ന ലക്ഷ്യം മാത്രമായിരിക്കും താരത്തിനുണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *