യുണൈറ്റഡിനെ പൂട്ടാനുള്ള തന്ത്രങ്ങൾ എങ്ങനെ? വിശദീകരിച്ച് സിമയോണി!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടം അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളികൾ മാഞ്ചസ്റ്റർ യുണൈറ്റഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രഫോഡിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.ആദ്യപാദം സമനിലയിൽ കലാശിച്ചതിനാൽ ഇരുടീമുകൾക്കും ഒരുപോലെ നിർണായകമാണ് ഈ മത്സരം.

ഈ മത്സരത്തിലെ ടാക്ടിക്കൽ പ്ലാനുകളെ കുറിച്ച് അത്ലറ്റികോ മാഡ്രിഡിന്റെ പരിശീലകനായ ഡിയഗോ സിമയോണി ചില കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്. മത്സരത്തിൽ തങ്ങൾ ഹൈ പ്രസ് ചെയ്യുമെന്നും അവർ വരുത്തിവെക്കുന്ന പിഴവുകൾ കൌണ്ടറിലൂടെ മുതലെടുക്കുമെന്നുമാണ് സിമയോണി പറഞ്ഞിട്ടുള്ളത്. ഇതൊരു കടുത്ത പോരാട്ടമായിരിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.സിമയോണിയുടെ വാക്കുകൾ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഒരുപാട് സവിശേഷതകളുള്ള താരങ്ങളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലും ഞങ്ങളുടെ ടീമിലും ഉള്ളത്. അതുകൊണ്ടുതന്നെ ഈ മത്സരം ഒരു കടുത്ത പോരാട്ടമായിരിക്കും.ഞങ്ങൾ ഹൈ പ്രസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു ക്ലാസിക് തലത്തിലുള്ള മത്സരമായിരിക്കും ഇത്. ഒരു പക്ഷേ ചില സമയങ്ങളിൽ ഹോം മൈതാനത്ത് കളിക്കുന്ന ടീമുകൾ ബുദ്ധിമുട്ട് നേരിടാറുണ്ട്. അവർ വരുത്തിവെക്കുന്ന പിഴവുകളിൽ നിന്ന് കൗണ്ടർ വഴി അവരെ പ്രഹരിക്കാൻ ഞങ്ങൾക്ക് അവസരമുണ്ടെന്ന് തോന്നുന്നു.അറ്റാക്കിങ് താരങ്ങൾ തന്നെ ഡിഫൻസീവ് ഡ്യൂട്ടി നിർവഹിച്ചു തുടങ്ങും. വ്യക്തിഗത മികവും ടീം മികവും ഈ മത്സരത്തിൽ പുറത്തെടുക്കാൻ ശ്രമിക്കും. ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ ഈ മത്സരത്തിൽ ഉണ്ടാകുമെന്നുറപ്പാണ് ” സിമയോണി പറഞ്ഞു.

അവസാന കുറച്ചു മത്സരങ്ങളിൽ മികച്ച രൂപത്തിലാണ് അത്ലറ്റിക്കോ മാഡ്രിഡ് കളിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പർതാരം ജോവോ ഫെലിക്സ് നിലവിൽ മിന്നും ഫോമിലാണ്.

Leave a Reply

Your email address will not be published. Required fields are marked *