മെസ്സി തന്റെ മികവിൽ തിരിച്ചെത്തി,പിഎസ്ജിയെ ചാമ്പ്യൻസ് ലീഗ് കീരീടത്തിലേക്ക് നയിക്കാനാവും : അഗ്വേറോ
കഴിഞ്ഞ സീസണിൽ പിഎസ്ജിയിലെത്തിയ സൂപ്പർ താരം ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ നിരവധി വിമർശനങ്ങൾ മെസ്സിക്ക് ഏൽക്കേണ്ടി വന്നിരുന്നു.എന്നാൽ ഈ സീസണിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. മികച്ച രൂപത്തിലാണ് മെസ്സി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ ലീഗ് വണ്ണിൽ 9 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.
എന്തായാലും ലയണൽ മെസ്സി തന്റെ മികവിലേക്ക് തിരിച്ചെത്തിയതിൽ മുൻ അർജന്റൈൻ സൂപ്പർതാരമായ സെർജിയോ അഗ്വേറോ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിലെ കിരീട ഫേവറേറ്റുകളാണ് പിഎസ്ജിയെന്നും മെസ്സിക്ക് ഇത്തവണ പിഎസ്ജിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കാൻ സാധിക്കുമെന്നുമാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 6, 2022
” ലയണൽ മെസ്സിയുടെ ടീം എപ്പോഴും ചാമ്പ്യൻസ് ലീഗിലെ കിരീട ഫേവറേറ്റുകളിൽ ഒന്നായിരിക്കും. മെസ്സി ഇപ്പോൾ തന്റെ മികവിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. എല്ലാം നേടാനുള്ള വിന്നിങ് മെന്റാലിറ്റി സ്വന്തമായുള്ള താരമാണ് ലയണൽ മെസ്സി. മെസ്സിയുടെ കോംപറ്റീറ്റീവ് സ്പിരിറ്റ് എന്താണ് എന്നുള്ളത് നമുക്ക് എല്ലാവർക്കും അറിയാം. മാത്രമല്ല ഇപ്പോൾ അദ്ദേഹത്തോടൊപ്പം കൂടുതൽ മികച്ച താരങ്ങളുമുണ്ട്. നെയ്മറും എംബപ്പേയുമൊക്കെ മെസ്സിക്കൊപ്പമുണ്ട്.പിഎസ്ജിയാവട്ടെ യൂറോപ്പിൽ തങ്ങളുടെ എക്സ്പീരിയൻസ് വർദ്ധിപ്പിച്ചിട്ടുണ്ട്. മെസ്സിക്ക് ടീമിനെ കിരീടത്തിലേക്ക് നയിക്കാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സിയും സംഘവും ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിന് ഇന്ന് ഇറങ്ങുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് നടക്കുന്ന മത്സരത്തിൽ യുവന്റസാണ് പിഎസ്ജിയുടെ എതിരാളികൾ.