മെസ്സി കളം വിട്ടത് പരിക്ക് മൂലമോ? ഗാൾട്ടിയർ പറയുന്നു.

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ പിഎസ്ജിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു. പോർച്ചുഗൽ ക്ലബ്ബായ ബെൻഫികയാണ് പിഎസ്ജിയെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ടാണ് ബെൻഫിക്കയുടെ മൈതാനത്ത് സമനിലയിൽ പിരിഞ്ഞത്.

മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.പിഎസ്ജിയുടെ ഗോൾ നേടിയത് ലയണൽ മെസ്സിയായിരുന്നു.എന്നാൽ 81ആം മിനുട്ടിൽ മെസ്സിയെ പിഎസ്ജിയുടെ പരിശീലകൻ പിൻവലിക്കുകയായിരുന്നു.പാബ്ലോ സറാബിയയായിരുന്നു മെസ്സിക്ക് പകരക്കാരനായി കളത്തിൽ ഇറങ്ങിയത്.

പിൻവലിച്ച ശേഷം ലയണൽ മെസ്സിയെ ടീമിന്റെ മെഡിക്കൽ സ്റ്റാഫുകൾ സമീപിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ലയണൽ മെസ്സിക്ക് പരിക്കുണ്ട് എന്ന് സംശയങ്ങൾ എല്ലാവർക്കുമിടയിൽ ഉണ്ടായിരുന്നു. എന്നാൽ മെസ്സിക്ക് പരിക്കില്ല എന്നുള്ള കാര്യം മത്സരത്തിനു ശേഷം ഗാൾട്ടിയർ സ്ഥിരീകരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തന്നെ പിൻവലിക്കണം എന്നുള്ള കാര്യം ലയണൽ മെസ്സി ആംഗ്യ ഭാഷയിലൂടെ എന്നോട് അറിയിച്ചിരുന്നു.മത്സരത്തിന്റെ അവസാനത്തിൽ മെസ്സിക്ക് ഒരു ചെറിയ ക്ഷീണം അനുഭവപ്പെട്ടിരുന്നു.അതുകൊണ്ടാണ് അദ്ദേഹത്തെ പിൻവലിച്ചത്.ലയണൽ മെസ്സിക്ക് പരിക്കൊന്നുമില്ല. മറിച്ച് മെസ്സിയുടെ തീരുമാനപ്രകാരമാണ് അദ്ദേഹത്തെ പിൻവലിച്ചുകൊണ്ട് ഒരു പുതിയ താരത്തെ കളത്തിലേക്ക് ഇറക്കിയത് ” ഇതാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയുടെ ആരാധകർക്ക് ആശ്വാസം നൽകുന്ന ഒരു കാര്യമാണിത്.നിലവിൽ തകർപ്പൻ ഫോമിലാണ് മെസ്സി കളിച്ചുകൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച ആറുമത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *