മെസ്സിയെ നേരിട്ടപ്പോഴെല്ലാം ഞങ്ങൾക്ക് പോസിറ്റീവായിരുന്നു :ബയേൺ കോച്ച് വ്യക്തമാക്കുന്നു.

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ബയേണും പിഎസ്ജിയും തമ്മിൽ ഒരിക്കൽ കൂടി ഏറ്റുമുട്ടുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് ബയേണിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.സ്വന്തം മൈതാനത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതിനാൽ ഇന്നത്തെ മത്സരത്തിൽ പിഎസ്ജിക്ക് വിജയം അനിവാര്യമാണ്.

ഈ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ബയേണിന്റെ പരിശീലകനായ ജൂലിയൻ നഗൽസ്മാൻ പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്.കൂട്ടത്തിൽ മെസ്സിയേയും അദ്ദേഹം പരാമർശിച്ചു.അതായത് മെസ്സിയെ നേരിട്ടപ്പോഴെല്ലാം കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമായിരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.മെസ്സി ബാഴ്സയിൽ ഉണ്ടായിരുന്ന സമയത്ത് രണ്ടിനെതിരെ 8 ഗോളുകൾക്ക് പരാജയപ്പെടുത്തിയതും ഇദ്ദേഹം ഓർമ്മിപ്പിച്ചിട്ടുണ്ട്. മെസ്സിയെ എങ്ങനെയാണ് തടയുക എന്നുള്ളതും ബയേൺ കോച്ച് വ്യക്തമാക്കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സി ബാഴ്സലോണയിൽ ആയിരുന്ന സമയത്ത് ഞങ്ങൾ അദ്ദേഹത്തെ നേരിട്ടപ്പോഴെല്ലാം കാര്യങ്ങൾ ഞങ്ങൾക്ക് പോസിറ്റീവ് ആയിരുന്നു.2020-ൽ നേടിയ 8-2 ന്റെ വിജയം ഏറ്റവും ഉയർന്നതാണ്. പക്ഷേ കഴിഞ്ഞുപോയ മത്സരങ്ങൾ ഒന്നും തന്നെ ഈ മത്സരത്തെ സ്വാധീനിക്കില്ല എന്നുള്ളത് നാം മനസ്സിലാക്കണം. തീർച്ചയായും ഈ മത്സരത്തിനു വേണ്ടി ഞങ്ങൾ തയ്യാറായി കഴിഞ്ഞിട്ടുണ്ട്.അവസരം ലഭിക്കുമ്പോൾ അവരെ വേദനിപ്പിക്കുകയും ചെയ്യും. ലയണൽ മെസ്സിയെ തടയാൻ കഴിയുമെന്ന് ഞങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ട്. അദ്ദേഹത്തിലേക്ക് വരുന്ന പാസുകൾ ഞങ്ങൾ കട്ട് ചെയ്യും.ലൈനുകൾക്കിടയിൽ കളിക്കുന്ന താരമാണ് ലയണൽ മെസ്സി. മാത്രമല്ല അദ്ദേഹത്തിൽ നിന്നും പോകുന്ന പാസുകളും ഞങ്ങൾ തടയും. അദ്ദേഹത്തെ കൂടുതൽ അഗ്രസീവ് ആവാൻ അനുവദിക്കുകയുമില്ല “ഇതാണ് ബയേൺ കോച്ച് പറഞ്ഞിട്ടുള്ളത്.

ആദ്യ പാദത്തിൽ മെസ്സി കളിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും ഈ സീസണിൽ മികച്ച പ്രകടനമാണ് മെസ്സി നടത്തുന്നത്. ആകെ 30 ഗോളുകളും 20 അസിസ്റ്റുകളും പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *