മെസ്സിയുടെ അഭാവത്തിലും വമ്പൻവിജയം തന്നെ, സമ്പൂർണരായി ബാഴ്‌സ കുതിക്കുന്നു !

സൂപ്പർ താരം ലയണൽ മെസ്സിക്ക് വിശ്രമമനുവദിച്ചിട്ടും ബാഴ്സ വിജയകുതിപ്പ് തുടരുന്നു. ഇപ്രാവശ്യം ഫെറെൻക്വെറോസിനെയാണ് ബാഴ്സ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്‌ തറപ്പറ്റിച്ചത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഡൈനാമോ കീവിനെ ബാഴ്സ എതിരില്ലാത്ത നാലു ഗോളുകൾക്ക്‌ കീഴടക്കിയിരുന്നു.ആ മത്സരത്തിലും മെസ്സിയുണ്ടായിരുന്നില്ല. മെസ്സിയുടെ അഭാവത്തിൽ അന്റോയിൻ ഗ്രീസ്‌മാൻ, മാർട്ടിൻ ബ്രൈത്വെയിറ്റ്, ഉസ്മാൻ ഡെംബലെ എന്നിവരാണ് ഗോളുകൾ കണ്ടെത്തിയത്. ഗ്രീസ്‌മാനും ബ്രൈത്വെയിറ്റും തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ഗോൾ നേടുന്നത്. ജയത്തോടെ ബാഴ്സ സമ്പൂർണരായി കുതിപ്പ് തുടരുകയാണ്.കളിച്ച അഞ്ച് മത്സരങ്ങളിൽ അഞ്ചിലും വെന്നിക്കൊടി നാട്ടാൻ ബാഴ്സക്ക്‌ സാധിച്ചു. പതിനഞ്ച് പോയിന്റോടെ ബാഴ്സ ഒന്നാമതും പന്ത്രണ്ട് പോയിന്റോടെ യുവന്റസ് രണ്ടാമതുമാണ്. ഇനി യുവന്റസിനെതിരെയാണ് ബാഴ്‌സ അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരം.

ബ്രൈത്വെയിറ്റ്, ഡെംബലെ, ഗ്രീസ്‌മാൻ, ട്രിൻക്കാവോ എന്നിവരാണ് ബാഴ്സയുടെ മുന്നേറ്റത്തെ നയിച്ചത്. മെസ്സി, കൂട്ടീഞ്ഞോ എന്നിവർക്ക്‌ വിശ്രമം നൽകുകയായിരുന്നു. മത്സരത്തിന്റെ പതിനാലാം മിനുട്ടിൽ തന്നെ ഗ്രീസ്‌മാൻ ഗോൾ കണ്ടെത്തി. ജോർദി ആൽബയുടെ പാസിൽ നിന്ന് ഗ്രീസ്‌മാനാണ് ബാഴ്‌സയുടെ അക്കൗണ്ട് തുറന്നത്. പിന്നാലെ ബ്രൈത്വെയിറ്റിന്റെ ഗോളുമെത്തി.ഡെംബലെയുടെ അസിസ്റ്റിൽ നിന്ന് ബ്രൈത്വെയിറ്റ് വലകുലുക്കുകയായിരുന്നു. 28-ആം മിനുട്ടിൽ ബാഴ്‌സക്ക്‌ ലഭിച്ച പെനാൽറ്റി ഡെംബലെ പിഴവൊന്നും കൂടാതെ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. ഈ മൂന്ന് ഗോളുകളായിരുന്നു ബാഴ്സക്ക്‌ ജയം സമ്മാനിച്ചത്. പിന്നീട് രണ്ടാം പകുതിയിൽ കൂടുതൽ ഗോളുകൾ വഴങ്ങാതെ ഫെറെൻക്വേറൊസ് പിടിച്ചു നിൽക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *