മെസ്സി,നെയ്മർ,എംബപ്പേ ത്രയത്തെ കൂട്ടിലടക്കാൻ കഴിയുന്ന പരിശീലകനാണ് അലെഗ്രി : മുൻ PSG താരം

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂർത്തിയായപ്പോൾ ഗ്രൂപ്പ് എച്ചിലാണ് ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് ഉൾപ്പെട്ടിരിക്കുന്നത്.യുവന്റസിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ എളുപ്പമല്ല. എന്തെന്നാൽ ഫ്രഞ്ച് ശക്തികളായ പിഎസ്ജിയെ യുവന്റസിന് നേരിടേണ്ടി വരുന്നുണ്ട്.

ലയണൽ മെസ്സി,നെയ്മർ ജൂനിയർ,കിലിയൻ എംബപ്പേ എന്നിവരുടെ പിഎസ്ജിയുടെ മുന്നേറ്റ നിര നിലവിൽ തകർപ്പൻ ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.അത് യുവന്റസിന് വെല്ലുവിളിയാണ്. എന്നാൽ മുൻ യുവന്റസ്,PSG താരമായ ബ്ലൈസ് മറ്റിയൂഡിക്ക് ഇക്കാര്യത്തിൽ ആശങ്കകൾ ഒന്നുമില്ല.പിഎസ്ജിയുടെ ഈ മുന്നേറ്റനിരയെ കൂട്ടിലടക്കാൻ കഴിയുന്ന പരിശീലകനാണ് അലെഗ്രി എന്നാണ് മറ്റിയൂഡി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ലാ ഗസറ്റ ഡെല്ലോ സ്പോർട് റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഒരു വലിയ വെല്ലുവിളിയാണ് യുവന്റസിനെ ചാമ്പ്യൻസ് ലീഗിൽ കാത്തിരിക്കുന്നത്.മെസ്സി,എംബപ്പേ,നെയ്മർ എന്നിവരടങ്ങുന്ന മുന്നേറ്റനിര വളരെയധികം ഭയപ്പെടുത്തുന്നതാണ്. പക്ഷേ ഇത്തരത്തിലുള്ള താരങ്ങളെ കൂട്ടിലടക്കാൻ കെൽപ്പുള്ള പരിശീലകനാണ് മറുഭാഗത്തുള്ളത്.അലെഗ്രിക്ക് അതിന് സാധിക്കും ” ഇതാണ് മറ്റിയൂഡി പറഞ്ഞിട്ടുള്ളത്.

പിഎസ്ജിക്കും യുവന്റസിനും വേണ്ടി ഒരുപാട് കാലം കളിച്ചിട്ടുള്ള താരമാണ് മറ്റിയൂഡി. പിന്നീട് അദ്ദേഹം അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്കായിരുന്നു ചേക്കേറിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *