മെസ്സിക്കും ക്രിസ്റ്റ്യാനോക്കും തുല്യം: കോർട്ടുവയെ പ്രശംസിച്ച് മുൻ ഗോൾകീപ്പർ!
ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ സ്റ്റുട്ട്ഗർട്ടിനെ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയിട്ടുള്ളത്.സാന്റിയാഗോ ബെർണാബുവിൽ നടന്ന മത്സരത്തിന്റെ തുടക്കത്തിൽ തകർപ്പൻ പ്രകടനമായിരുന്നു ഈ ജർമൻ ക്ലബ്ബ് നടത്തിയിരുന്നത്. റയൽ മാഡ്രിഡിന് നിരവധി ഭീഷണികൾ നേരിടേണ്ടി വന്നിരുന്നു. അപ്പോഴെല്ലാം അവരെ രക്ഷിച്ചത് ഗോൾകീപ്പർ തിബോട്ട് കോർടുവയാണ്.തകർപ്പൻ സേവുകളാണ് താരം നടത്തിയിട്ടുള്ളത്.
ആകെ 6 സേവുകൾ മത്സരത്തിൽ അദ്ദേഹം നടത്തിയിട്ടുണ്ട്. അതിൽ മൂന്ന് എണ്ണവും ബോക്സിനകത്തു വെച്ചുള്ള ഷോട്ടിൽ എന്നായിരുന്നു.ഏതായാലും കോർട്ടുവയെ പ്രശംസിച്ചുകൊണ്ട് റയൽ മാഡ്രിഡിന്റെ മുൻ ഗോൾ കീപ്പറായ സാന്റിയാഗോ കനിസാറസ് രംഗത്ത് വന്നിട്ടുണ്ട്. ഗോൾകീപ്പർമാരിലെ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമൊക്കെ കോർട്ടുവയാണ് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.കനിസാറസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഏറ്റവും മികച്ച ഗോൾകീപ്പർ കോർട്ടുവയാണ്. നമ്മൾ മറഡോണയെ പോലെ,മെസ്സിയെ പോലെ എന്നൊക്കെ പറയാറില്ല. ഇവിടെ ഗോൾകീപ്പർമാരുടെ കാര്യത്തിൽ മറഡോണയും മെസ്സിയും ക്രിസ്റ്റ്യാനോയുമൊക്കെ കോർട്ടുവ തന്നെയാണ്. മറ്റെല്ലാ ഗോൾകീപ്പർമാരുടെയും മുകളിലാണ് ഇദ്ദേഹം വരുന്നത്. ഒരുപാട് നിർണായക സേവുകൾ അദ്ദേഹം നടത്തുന്നു.ദിവസവും അദ്ദേഹം അത് ചെയ്യുന്നതുകൊണ്ടാണ് നമുക്ക് നോർമലായി തോന്നുന്നത്.ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് എക്കാലത്തെയും മികച്ച ഗോൾകീപ്പർ ഇദ്ദേഹമാണ്.ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ ഇദ്ദേഹം തന്നെയാണ്. ഒരു സംശയം വേണ്ട “ഇതാണ് മുൻ ഗോൾ കീപ്പർ പറഞ്ഞിട്ടുള്ളത്.
മത്സരത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയതും കോർടുവയാണ്. താരത്തിന്റെ മികച്ച പ്രകടനമാണ് മത്സരത്തിലേക്ക് തിരികെ വരാൻ റയൽ മാഡ്രിഡിനെ സഹായിച്ചിട്ടുള്ളത്.ഇനി റയൽ ലീഗിൽ എസ്പനോളിനെതിരെയാണ് കളിക്കുക. വരുന്ന ശനിയാഴ്ചയാണ് ഈ മത്സരം നടക്കുക.