മാസ്മരിക പ്രകടനവുമായി ക്രിസ്റ്റ്യാനോ, രക്ഷപ്പെട്ട് യുണൈറ്റഡ്!
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ യുണൈറ്റഡിന് സമനിലകുരുക്ക്.2-2 എന്ന സ്കോറിന് അറ്റലാന്റയാണ് യുണൈറ്റഡിനെ സമനിലയിൽ തളച്ചത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാസ്മരിക പ്രകടനമാണ് യുണൈറ്റഡിനെ തോൽവിയിൽ നിന്നും രക്ഷിച്ചത്. യുണൈറ്റഡിന്റെ രണ്ടും ഗോളുകളും പിറന്നത് റൊണാൾഡോയുടെ ബൂട്ടിൽ നിന്നായിരുന്നു.
മത്സരത്തിന്റെ 12-ആം മിനുട്ടിൽ തന്നെ ഇലിസിചിലൂടെ അറ്റലാന്റ ലീഡ് നേടിയിരുന്നു.എന്നാൽ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ തകർപ്പൻ ഷോട്ടിലൂടെ ക്രിസ്റ്റ്യാനോ യുണൈറ്റഡിന് സമനില നേടികൊടുത്തു. ബ്രൂണോയായിരുന്നു ഗോളിന് വഴിയൊരുക്കിയത്. എന്നാൽ 56-ആം മിനിറ്റിൽ സപാറ്റ വീണ്ടും അറ്റലാന്റക്ക് ലീഡ് നേടികൊടുത്തു. പക്ഷേ ഒരിക്കൽ കൂടി റൊണാൾഡോ രക്ഷകനായി.91-ആം മിനുട്ടിൽ ഗ്രീൻവുഡിന്റെ അസിസ്റ്റിൽ നിന്നും റൊണാൾഡോ ഗോൾ നേടുകയായിരുന്നു.നിലവിൽ ഏഴ് പോയിന്റോടെ യുണൈറ്റഡ് ഗ്രൂപ്പിൽ ഒന്നാമതാണ്.യങ് ബോയ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപെടുത്തിയ വിയ്യാറയലിനും ഏഴ് പോയിന്റുണ്ട്.
🇵🇹 Sum up Cristiano Ronaldo in one word…#UCL pic.twitter.com/LSTiCNOpEv
— UEFA Champions League (@ChampionsLeague) November 2, 2021
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഡൈനാമോ കീവിനെ ബാഴ്‌സ പരാജയപ്പെടുത്തി. ഒരു ഗോളിനാണ് ബാഴ്‌സയുടെ വിജയം.70-ആം മിനുട്ടിൽ ഫാറ്റിയാണ് ബാഴ്‌സയുടെ വിജയഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ ബയേൺ 5-2 ന് ബെൻഫിക്കയെ തകർത്തു വിട്ടു.റോബർട്ട് ലെവന്റോസ്ക്കി ഹാട്രിക്ക് നേടിയപ്പോൾ ഗ്നാബ്രി, സാനെ എന്നിവർ ഓരോ ഗോളുകൾ വീതം നേടി.
സെവിയ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്താൻ ലില്ലിക്ക് കഴിഞ്ഞു.അതേസമയം യുവന്റസ് 4-2 എന്ന സ്കോറിന് യുവന്റസ് സെനിതിനെ പരാജയപ്പെടുത്തി.പൌലോ ഡിബാല ഇരട്ടഗോളുകൾ നേടിയപ്പോൾ കിയേസ, മൊറാറ്റ എന്നിവർ ഓരോ ഗോൾ വീതം നേടി.