മാസ്മരിക പ്രകടനം തുടർന്ന് ജൂഡ്, ഇന്നലെ കുറിച്ചത് രണ്ട് റെക്കോർഡുകൾ!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കിയത്. പതിവുപോലെ ജൂഡ് ബെല്ലിങ്ഹാം മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടുണ്ട്. ഒരു ഗോളും ഒരു അസിസ്റ്റുമാണ് മത്സരത്തിൽ താരം സ്വന്തമാക്കിയിട്ടുള്ളത്.

കിടിലൻ സോളോ ഗോളാണ് ബെല്ലിങ്ഹാം നൽകിയിട്ടുള്ളത്.വിനീഷ്യസ് നേടിയ ഗോളും ബെല്ലിങ്ഹാമിന്റെ പരിശ്രമത്തിന്റെ ഫലമായിരുന്നു.റയൽ മാഡ്രിഡിൽ എത്തിയതിനുശേഷം മാസ്മരിക പ്രകടനമാണ് ബെല്ലിങ്ഹാം നടത്തുന്നത്. 7 ലാലിഗ മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും രണ്ട് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിലെ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകളും ഒരു അസിസ്റ്റും താരം ഈ സീസണിൽ സ്വന്തമാക്കി കഴിഞ്ഞു.

ഇന്നലത്തെ പ്രകടനത്തോടുകൂടി രണ്ട് പുതിയ റെക്കോർഡുകൾ കൂടി തന്റെ സ്വന്തം പേരിൽ എഴുതിച്ചേർക്കാൻ ബെല്ലിങ്‌ഹാമിന് കഴിഞ്ഞിട്ടുണ്ട്. അതായത് ഈ സീസണിൽ ആകെ 11 ഗോൾ പങ്കാളിത്തങ്ങൾ ജൂഡ് വഹിച്ചു കഴിഞ്ഞു. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുള്ള സ്ട്രൈക്കർ അല്ലാത്ത താരം എന്ന നേട്ടമാണ് ജൂഡ് സ്വന്തമാക്കിയിട്ടുള്ളത്. ആകെ കളിച്ച ഒൻപത് മത്സരങ്ങളിൽ നിന്നാണ് 11 ഗോൾ പങ്കാളിത്തങ്ങൾ താരം നേടിയിട്ടുള്ളത്.

മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ ആകെ എട്ടു ഗോളുകൾ പൂർത്തിയാക്കാനും ബെല്ലിങ്ഹാമിന് സാധിച്ചിട്ടുണ്ട്. 21 വയസ്സിനു മുന്നേ ചാമ്പ്യൻസ് ലീഗിൽ എട്ടു ഗോളുകൾ പൂർത്തിയാക്കുക എന്നത് അപൂർവമായ ഒരു കാര്യമാണ്. കേവലം 4 താരങ്ങൾ മാത്രമാണ് ഇത് സാധ്യമാക്കിയിട്ടുള്ളത്. സൂപ്പർ താരങ്ങളായ ഹാലന്റ്,എംബപ്പേ എന്നിവർ അതിൽ ഉൾപ്പെടുന്നു. ഏതായാലും ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും മികച്ച സൈനിംഗ് എന്ന് വേണമെങ്കിൽ ബെല്ലിങ്ഹാമിനെ വിശേഷിപ്പിക്കാം. എന്തെന്നാൽ അത്രയേറെ വലിയ ഒരു ഇമ്പാക്ടാണ് അദ്ദേഹം റയൽ മാഡ്രിഡിൽ ഉണ്ടാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *