മാഞ്ചസ്റ്റർ സിറ്റിയെ പേടിയില്ല : തുറന്നു പറഞ്ഞ് ഇന്റർ മിലാൻ പ്രസിഡന്റ്‌!

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ഇന്റർ മിലാനും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ഇസ്താംബൂളിൽ വെച്ചാണ് ഈ ഫൈനൽ മത്സരം അരങ്ങേറുക. മാഞ്ചസ്റ്റർ സിറ്റിക്കാണ് പലരും കിരീട സാധ്യത കൽപ്പിക്കപ്പെടുന്നത്. ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയാത്ത ടീം കൂടിയാണ് മാഞ്ചസ്റ്റർ സിറ്റി.

ഈ മത്സരത്തിന് മുന്നോടിയായി ഇന്റർ മിലാന്റെ ചൈനീസ് പ്രസിഡണ്ടായ സ്റ്റീവ് ഴാങ്‌ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് മാഞ്ചസ്റ്റർ സിറ്റിയെ തങ്ങൾ ഭയക്കുന്നില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. കരുത്തരായ ടീമുകൾക്കെതിരെ ഇന്റർ മിലാൻ എപ്പോഴും മികച്ച പ്രകടനം നടത്താറുണ്ടെന്നും ഴാങ്‌ കൂട്ടിച്ചേർത്തു. പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ഴാങ്ങിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“തീർച്ചയായും എനിക്ക് മാഞ്ചസ്റ്റർ വലിയ ബഹുമാനമുണ്ട്.അവർ മികച്ച ടീമാണ്.പക്ഷേ അവരോടൊപ്പം തന്നെ നിൽക്കാനുള്ള ക്വാളിറ്റി ഞങ്ങൾക്കുണ്ട്.കഴിഞ്ഞ കുറച്ച് വർഷങ്ങൾ എടുത്തു നോക്കുക,ഞങ്ങൾ കരുത്തരായ ടീമുകൾക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്.ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നുള്ളത് എന്റെ ഒരു സ്വപ്നമാണ്.അസാധ്യമായ ഒരു സ്വപ്നമായി കൊണ്ടായിരുന്നു ഞാൻ ഇതുവരെ കണ്ടിരുന്നത്.പക്ഷേ ഇന്ന് ഞങ്ങൾ ഫൈനൽ വരെ എത്തിനിൽക്കുന്നു.ക്ലബ്ബിനകത്തുള്ള എല്ലാവരും ഈ കിരീടം നേടാൻ വളരെയധികം ആഗ്രഹിക്കുന്നു.ഞങ്ങൾ ഒരിക്കലും മാഞ്ചസ്റ്റർ സിറ്റിയെ പേടിക്കുന്നില്ല. ഞങ്ങളുടേതായ രീതിയിൽ ഈ മത്സരം ഞങ്ങൾ കളിക്കും ” ഇതാണ് ഇന്റർ മിലാന്റെ പ്രസിഡണ്ടായ സ്റ്റീവ് ഴാങ്‌ പറഞ്ഞിട്ടുള്ളത്.

കേവലം 31 വയസ്സ് മാത്രമാണ് ഇന്റർ മിലാന്റെ പ്രസിഡന്റായ സ്റ്റീവ് ഴാങ്ങിനുള്ളത്. 2018ലായിരുന്നു ഇദ്ദേഹം ഇന്റർമിലാനിൽ എത്തിയത്.നേരത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ള ക്ലബ് കൂടിയാണ് ഇന്റർ മിലാൻ. ഇത്തവണയും അത് ആവർത്തിക്കാൻ കഴിയുമോ എന്നുള്ളത് ആരാധകർ ഉറ്റുനോക്കുന്ന ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *