ബാഴ്സ vs ബയേൺ മത്സരത്തിൽ ലെവയെ എങ്ങനെ സ്വീകരിക്കണം? മുൻ CEO പറയുന്നു!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഒരിക്കൽ കൂടി ബാഴ്സയും ബയേണും മുഖാമുഖം വരികയാണ്. ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 12:30-ന് ബയേണിന്റെ മൈതാനമായ അലയൻസ് അരീനയിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ആദ്യ മത്സരം വിജയിച്ചു കൊണ്ടാണ് രണ്ട് ടീമുകളും ഇപ്പോൾ ഈ മത്സരത്തിന് ഒരുങ്ങുന്നത്.

ഈ മത്സരത്തിലെ ഏറ്റവും ആകർഷകമായ കാര്യം എന്തെന്നാൽ സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കി ബാഴ്സ ജേഴ്സിയിൽ ബയേണിനെ നേരിടുന്നു എന്നുള്ളതാണ്.മുമ്പ് ബയേൺ ബാഴ്സയെ തകർത്തപ്പോഴെല്ലാം വലിയ പങ്ക് വഹിച്ചിട്ടുള്ള താരമാണ് ലെവന്റോസ്ക്കി. അതുകൊണ്ടുതന്നെ രണ്ട് ടീമിന്റെയും ആരാധകർ ലെവന്റോസ്ക്കിയിലേക്കാണ് ഉറ്റുനോക്കുന്നത്.

ഏതായാലും താരത്തിന്റെ കാര്യത്തിൽ ബയേൺ ഇതിഹാസവും മുൻ CEO യുമായ റുമ്മനിഗ്ഗെ ചില അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ലെവന്റോസ്ക്കിയോട് ബയേണും ആരാധകരും നന്ദി രേഖപ്പെടുത്തണമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.റുമ്മനിഗ്ഗെയുടെ വാക്കുകളെ RMC സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ബയേൺ എന്ന ക്ലബ്ബും ആരാധകരും അദ്ദേഹത്തെ നന്ദിയോടെ വരവേൽക്കുന്നതിനെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. 8 വർഷക്കാലം അദ്ദേഹം ഇവിടെ കളിച്ചു എന്നുള്ള കാര്യം നിങ്ങൾ മറക്കരുത്.എല്ലാ കിരീടങ്ങളും അദ്ദേഹം നേടി. ഓരോ സീസണിലും 35 നും 50 നും ഇടയിൽ ഗോളുകൾ അദ്ദേഹം നേടി. അതിനുപുറമേ ഫ്രീയായി കൊണ്ട് ഡോർട്മുണ്ടിൽ നിന്നും വന്ന ഒരു താരമാണ് അദ്ദേഹം. മാത്രമല്ല പോയപ്പോൾ 45 മില്യൺ യുറോ ബയേണിന് ലഭിക്കുകയും ചെയ്തു. ക്ലബ്ബിന്റെ വിജയത്തിന് അദ്ദേഹം വളരെയധികം കോൺട്രിബ്യൂട്ട് ചെയ്തിട്ടുണ്ട് ” ഇതാണ് റുമ്മനിഗ്ഗെ പറഞ്ഞിട്ടുള്ളത്.

ബാഴ്സയിൽ എത്തിയിട്ടും ലെവയുടെ ഗോളടി മികവിന് ഒരു പ്രശ്നവും സംഭവിച്ചിട്ടില്ല. ലാലിഗയിൽ 6 ഗോളുകൾ നേടിയ ലെവന്റോസ്ക്കി തന്നെയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *