ബാഴ്സയെ തീർത്ത് ബയേൺ, സെമിയിൽ കടന്നത് രാജകീയമായി

ബയേൺ മ്യൂണിക്ക് യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ സെമി ഫൈനലിൽ കടന്നു. ക്വോർട്ടർ ഫൈനലിൽ രണ്ടിനെതിരെ എട്ടു ഗോളുകൾക്കാണവർ FC ബാഴ്സലോണയെ തകർത്ത് വിട്ടത്. ബയേണിന് വേണ്ടി തോമസ് മുള്ളർ, ഫിലിപ്പെ കുടിഞ്ഞോ എന്നിവർ ഇരട്ട ഗോളുകളും റോബർട്ട് ലെവെൻ്റോസ്കി, ഇവാൻ പെരിസിച്ച്, സെർജി നാബ്രി, ജോഷ്വ കമ്മിച്ച് എന്നിവർ ഓരോ ഗോളുകളും നേടി. ബാഴ്സലോണയുടെ ഗോൾ ലൂയി സുവാരസാണ് നേടിയത്. ശേഷിക്കുന്ന ഗോൾ ഡേവിഡ് അലാബയുടെ ഓൺ ഗോളായിരുന്നു. ബാഴ്സയുടെ ചരിത്രത്തിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ അവർ നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്.

ലിസ്ബണിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ബയേൺ മ്യൂണിക്ക് സമ്പൂർണ്ണ ആധിപത്യമാണ് പുലർത്തിയത്. നാലാം മിനുട്ടിൽ തന്നെ തോമസ് മുള്ളറുടെ ഗോളിലൂടെ അവർ മുന്നിലെത്തി. പക്ഷേ എഴാം മിനുട്ടിലെ അലാബയുടെ ഓൺ ഗോൾ സ്കോർ ലൈൻ 1-1 എന്ന നിലയിലാക്കി. തുടർന്ന് ഇരുപത്തിയൊന്നാം മിനുട്ടിൽ പെരിസിച്ചും ഇരുപത്തിഏഴാം മിനുട്ടിൽ നാബ്രിയും മുപ്പത്തിയൊന്നാം മിനുട്ടിൽ മുള്ളറും സ്കോർ ചെയ്തതോടെ സ്കോർ 4-1 എന്ന നിലയിലായി. മത്സരം അരമണിക്കൂറായപ്പോഴേക്കും ബാഴ്സ തോൽവി സമ്മതിച്ച മട്ടിലായി. ആദ്യപകുതി അവസാനിക്കുമ്പോൾ ബയേൺ 4 -1ന് മുന്നിലായിരുന്നു.

രണ്ടാം പകുതിയിൽ ബാഴ്സ ഒരു ഗോൾകൂടി മടക്കി. അമ്പത്തിയേഴാം മിനുട്ടിൽ ജോർഡി ആൽബയുടെ അസിസ്റ്റിൽ നിന്നും ലൂയി സുവാരസാണ് സ്കോർ ചെയ്തത്. അറുപത്തി മൂന്നാം മിനുട്ടിൽ അൽഫോൺസോ ഡേവിസ് നടത്തിയ കിടിലൻ റണ്ണിനെ തുടർന്ന് ജോഷ്വ കിമ്മിച്ച് സ്കോർ ചെയ്തതോടെ സ്കോർ 5-2 എന്ന നിലയിലായി. പിന്നീടാണ് ഫിലിപ്പെ കുട്ടീഞ്ഞോയുടെ രംഗപ്രവേശം! എഴുപത്തിയഞ്ചാം മിനുട്ടിൽ സെർജി നാബ്രിക്ക് പകരക്കാരനായെത്തിയ കുട്ടീഞ്ഞോ എൺപത്തിരണ്ടാം മിനുട്ടിലെ റോബർട്ട് ലെവെൻ്റോസ്കിയുടെ ഗോളിന് അസിസ്റ്റ് നൽകി. തുടർന്ന് എൺപത്തിയഞ്ച്, എൺപത്തിയൊമ്പത് മിനുട്ടുകളിൽ അദ്ദേഹം ഗോളുകൾ നേടുകകൂടി ചെയ്തതോടെ ബാഴ്സയുടെ പതനം പൂർത്തിയായി!

Leave a Reply

Your email address will not be published. Required fields are marked *