ബാഴ്സയുടെ ലെവലിൽ എത്താൻ യുവന്റസ് ഇനിയും പ്രവർത്തിക്കേണ്ടതുണ്ട്, തോൽവിക്ക് ശേഷം പിർലോ പറയുന്നു !

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പിർലോയുടെ യുവന്റസ് ബാഴ്സയോട് സ്വന്തം മൈതാനത്ത് തോറ്റത്. ഈ മത്സരത്തെ കുറിച്ചും തോൽവിയെ കുറിച്ചുമുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുകയാണിപ്പോൾ യുവന്റസ് പരിശീലകൻ ആൻഡ്രേ പിർലോ. തങ്ങൾ വളർച്ചയുടെ പാതയിൽ ആണെന്നും ബാഴ്‌സയുടെ ലെവലിൽ എത്താൻ യുവന്റസ് ഇനിയും പ്രവർത്തിക്കേണ്ടതുണ്ടെന്നുമാണ് പിർലോയുടെ അഭിപ്രായം. മത്സരശേഷം സ്കൈ സ്പോർട്ട് ഇറ്റാലിയയോട് സംസാരിക്കുകയായിരുന്നു പരിശീലകൻ. മത്സരത്തിൽ മെസ്സി, ഡെംബലെ എന്നിവർ നേടിയ ഗോളുകളിലാണ് യുവന്റസ് അടിയറവ് പറഞ്ഞത്. കഴിഞ്ഞ മൂന്ന് സിരി എ മത്സരങ്ങളിലും ജയിക്കാൻ യുവന്റസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ തങ്ങൾക്ക് പുരോഗതി പ്രാപിക്കാനുണ്ടെന്നും ഇത്തരം മത്സരങ്ങൾ തങ്ങളുടെ വളർച്ചയെ സഹായിക്കുമെന്നാണ് പിർലോ അഭിപ്രായപ്പെട്ടത്.

” ഇത്തരത്തിലുള്ള ഒരു ടീമിനെതിരെ കളിക്കുന്നത് ബുദ്ധിമുട്ടാവുമെന്നുള്ളത് ഞങ്ങൾക്ക് അറിയാമായിരുന്നു. ഞങ്ങൾ നിലവിൽ വളർച്ചയുടെയും പുരോഗതിയുടെയും പാതയിലാണിപ്പോൾ ഉള്ളത്. ഭാവിയിൽ പുരോഗതി കൈവരിക്കാൻ ഇത്തരത്തിലുള്ള മത്സരങ്ങൾ ഞങ്ങൾക്ക് സഹായകരമായേക്കും. ഞങ്ങൾക്ക് ഒരുപാട് താരങ്ങൾ തിരികെ വരാനുണ്ട്. ഒരാഴ്ച്ച രണ്ട് മത്സരങ്ങളിൽ തൊണ്ണൂറ് മിനുട്ട് കളിക്കുക എന്നുള്ളത് താരങ്ങൾക്ക് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് അവർ ചെറുപ്രായക്കാരും പരിചയസമ്പത്ത് ഇല്ലാത്തവരുമായതിനാൽ. ബാഴ്സയുടെ ലെവലിൽ എത്തണമെങ്കിൽ യുവന്റസ് ഇനിയും പ്രവർത്തിക്കേണ്ടതുണ്ട്. അത് തന്നെയാണ് ഞങ്ങൾ ഇപ്പോൾ ചെയ്യുന്നതും ” പിർലോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *