ബാഴ്സയുടെ നാശമാണ് ആളുകൾ ആഗ്രഹിക്കുന്നത്:ഫെറാൻ ടോറസ്

സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് ഇത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയമാണ്. ഞെട്ടിക്കുന്ന തോൽവികൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്. കഴിഞ്ഞ ലീഗ് മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ജിറോണ അവരെ പരാജയപ്പെടുത്തിയത്. അതിനുശേഷം ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ബെൽജിയൻ ക്ലബ്ബിനോട് ബാഴ്സ അട്ടിമറി തോൽവി ഏറ്റുവാങ്ങി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആന്റെർപ്പ് ബാഴ്സലോണയെ പരാജയപ്പെടുത്തിയിട്ടുള്ളത്.

അതുകൊണ്ടുതന്നെ ബാഴ്സലോണക്കും പരിശീലകനായ സാവിക്കും നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. എന്നാൽ ബാഴ്സയുടെ ഈ മോശം പ്രകടനത്തിന് സൂപ്പർതാരമായ ഫെറാൻ ടോറസ് കുറ്റപ്പെടുത്തിയിരിക്കുന്നത് വിമർശകരെയാണ്.ഈ ടീമിന്റെ നാശമാണ് ആളുകൾ ആഗ്രഹിക്കുന്നത് എന്നാണ് ടോറസ് ആരോപിച്ചിരിക്കുന്നത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ടോറസിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഞങ്ങൾ ഞങ്ങളുടെ പരിശീലകനൊപ്പമാണ്, അദ്ദേഹത്തിന്റെ ഐഡിയാസ് ഈ സീസണിന്റെ അവസാനം വരെ തുടരുക തന്നെ ചെയ്യും. പരിശീലകനെ വിമർശിക്കുക എന്നത് എളുപ്പമുള്ള പണിയാണ്.പക്ഷേ താരങ്ങളാണ് കളിക്കളത്തിൽ ഉള്ളത്.ബാഴ്സയിൽ കാര്യങ്ങൾ എങ്ങനെയാണ് മുന്നോട്ട് പോകുന്നത് എന്നത് ഞങ്ങൾക്ക് അറിയാം.പുറത്തുള്ള ആളുകൾ ഞങ്ങളെ തകർക്കാനാണ് ശ്രമിക്കുന്നത്.ഞങ്ങളുടെ നാശമാണ് അവർ ആഗ്രഹിക്കുന്നത്. ഞങ്ങളെ അവർ ആശങ്കയിലാക്കുന്നു,പക്ഷേ ഞങ്ങൾ കാര്യങ്ങളെ മാറ്റുക തന്നെ ചെയ്യും.പുറത്ത് എപ്പോഴും ശബ്ദ കോലാഹലങ്ങൾ ഉണ്ടാകും. പക്ഷേ ഞങ്ങൾ മുന്നോട്ട് പോവുക തന്നെ വേണം “ഇതാണ് ടോറസ് പറഞ്ഞിട്ടുള്ളത്.

ബാഴ്സ അവസാനമായി കളിച്ച ഒൻപത് മത്സരങ്ങളിൽ നാലു മത്സരങ്ങളിലും അവർ പരാജയപ്പെടുകയായിരുന്നു. ചാമ്പ്യൻസ് ലീഗിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയിട്ടുണ്ടെങ്കിലും ഈ തോൽവി അവർക്ക് വളരെയധികം ക്ഷീണം ചെയ്യുന്ന ഒരു കാര്യമാണ്. നിലവിൽ ലാലിഗയിൽ നാലാം സ്ഥാനത്താണ് ബാഴ്സലോണയുള്ളത്.ലെവന്റോസ്ക്കി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട താരങ്ങളുടെ മോശം പ്രകടനവും ബാഴ്സക്ക് ഇപ്പോൾ വലിയ തിരിച്ചടിയാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *