ബാഴ്സയും ബയേണും ഒരേ ഗ്രൂപ്പിൽ,പിന്നാലെ ലെവന്റോസ്ക്കിക്ക് മുള്ളറുടെ സന്ദേശം!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പുഘട്ട നറുക്കെടുപ്പ് പൂർത്തിയായപ്പോൾ ഏവരും മരണ ഗ്രൂപ്പായി കൊണ്ട് വിലയിരുത്തിയത് ഗ്രൂപ്പ് സിയെയാണ്. കാരണം ഒരിക്കൽ കൂടി എഫ്സി ബാഴ്സലോണയും ബയേൺ മ്യൂണിക്കും മുഖാമുഖം വരികയാണ്. ഇതിനുപുറമേ ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനും ഈ ഗ്രൂപ്പിൽ തന്നെയാണ്. ചുരുക്കത്തിൽ ഗ്രൂപ്പ് സിയിൽ മത്സരങ്ങൾ കടുക്കുമെന്നുറപ്പാണ്.
ഏവരും ഉറ്റുനോക്കുന്നത് സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കിയിലേക്കാണ്. ഈ ട്രാൻസ്ഫർ ജാലകത്തിൽ ബയേൺ വിട്ടു കൊണ്ട് ബാഴ്സയിൽ എത്തിയ ലെവന്റോസ്ക്കി തന്റെ മുൻ ക്ലബ്ബിനെതിരെ കളിക്കേണ്ടിവരും.ഈയൊരു നറുക്കെടുപ്പ് പൂർത്തിയായ ഉടനെ ലെവന്റോസ്ക്കിയുടെ ഉറ്റ സുഹൃത്തും മുൻ സഹതാരവുമായിരുന്ന തോമസ് മുള്ളർ താരത്തിന് ഒരു മെസ്സേജ് നൽകിയിട്ടുണ്ട്.ഉടനെ മ്യൂണിച്ചിൽ വെച്ച് കണ്ടുമുട്ടാം എന്നാണ് തോമസ് മുള്ളർ പറഞ്ഞിട്ടുള്ളത്.അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
” എല്ലാ ഫുട്ബോൾ ആരാധകർക്കും ഇതൊരു മനോഹരമായ ഡ്രോ ആണ്.മിസ്റ്റർ ലെവൻ ഗോൾ സ്‌കി. ഉടൻതന്നെ നമുക്ക് മ്യൂണിച്ചിൽ കണ്ടുമുട്ടാം.ഈയൊരു ചാമ്പ്യൻസ് ലീഗ് സീസൺ നമുക്ക് പൊളിച്ചടുക്കാം ” ഇതായിരുന്നു തോമസ് മുള്ളർ പറഞ്ഞിരുന്നത്.
— Murshid Ramankulam (@Mohamme71783726) August 26, 2022
ഗോളടിച്ചു കൂട്ടുന്ന തന്റെ സുഹൃത്തായ ലെവന്റോസ്ക്കിക്ക് മുള്ളർ തന്നെ നൽകിയ പേരാണ് ലെവൻ ഗോൾ സ്‌കി.
കഴിഞ്ഞ സീസണിലും ബാഴ്സയും ബയേണും ഗ്രൂപ്പ് ഘട്ടത്തിൽ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ആ രണ്ട് മത്സരങ്ങളിലും ബയേൺ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിക്കുകയായിരുന്നു. മാത്രമല്ല 2019/20 സീസണിൽ രണ്ടിനെതിരെ എട്ടു ഗോളുകൾക്കായിരുന്നു ബയേൺ ബാഴ്സയെ ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുത്തിയിരുന്നത്.അത് ബാഴ്സക്ക് ഉണങ്ങാത്ത ഒരു മുറിവാണ്.
ഏതായാലും ഈ മത്സരങ്ങളിലൊക്കെ ബയേണിന്റെ കുന്തമുനയായിരുന്ന ലെവന്റോസ്ക്കി ഇത്തവണ ബാഴ്സയുടെ ജേഴ്സി അണിയുമ്പോൾ എന്ത് മാറ്റം സംഭവിക്കുമെന്നാണ് ആരാധകർക്കറിയേണ്ടത്.