ബാഴ്സക്കെതിരെ നിർബന്ധമായും ആ ശൈലി ഉപയോഗിക്കണം, പിർലോക്ക് മുൻ ഇതിഹാസത്തിന്റെ ഉപദേശം !

ഈ ആഴ്ച്ച ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരങ്ങൾ ആരാധകർ കാത്തിരിക്കുന്ന പോരാട്ടമാണ് എഫ്സി ബാഴ്സലോണ vs യുവന്റസ് മത്സരം. ബുധനാഴ്ച്ച രാത്രി ഇന്ത്യൻ സമയം 1:30-ന് യുവന്റസിന്റെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക. എന്നാൽ ഇരുടീമുകൾക്കും അത്ര ആശാവഹമായ മത്സരഫലമല്ല തങ്ങളുടെ ലീഗുകളിൽ നിന്ന് ലഭിച്ചിരിക്കുന്നത്. അവസാനത്തെ മൂന്ന് ലീഗ് മത്സരങ്ങളിലും ബാഴ്‌സക്ക് ജയം അകന്നു നിന്നപ്പോൾ രണ്ട് ലീഗ് മത്സരങ്ങളിലാണ് യുവന്റസിന് ജയം അകന്നു നിന്നത്. എന്നാൽ ചാമ്പ്യൻസ് ലീഗിൽ ഇരുടീമുകളും വിജയിച്ചു കൊണ്ടാണ് വരവ്. ഇപ്പോഴിതാ യുവന്റസ് പരിശീലകൻ ആൻഡ്രേ പിർലോക്ക് ബാഴ്‌സക്കെതിരെ എങ്ങനെ കളിക്കണമെന്ന കാര്യത്തിൽ ഉപദേശം നൽകിയിരിക്കുകയാണ് മുൻ യുവന്റസ് ഇതിഹാസവും പിർലോയുടെ സഹതാരവുമായിരുന്ന ഡെൽ പിയറോ. നാലു മുന്നേറ്റനിരക്കാരെ ഉൾപ്പെടുത്തി കൊണ്ട് 4-2-4 എന്ന ശൈലി ഉപയോഗിക്കണം എന്നാണ് ഡെൽ പിയറോയുടെ ഉപദേശം. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.

” ഡേജാൻ കുലുസെവ്സ്ക്കിയും ഫെഡറിക്കോ ചിയേസയും യുവന്റസിന് ഉപയോഗിക്കാൻ കഴിയുന്ന മികച്ച താരങ്ങളാണ്. ഇവരെ ഉപയോഗിച്ച് കൊണ്ടും രണ്ട് മധ്യനിരക്കാരെ ഉപയോഗിച്ചു കൊണ്ടുമുള്ള ഒരു ലൈനപ്പിന് ഞാൻ നല്ലൊരു സാധ്യത കാണുന്നു. അതായത് 4-2-4 ശൈലി ഉപയോഗിക്കണം. തീർച്ചയായും ഈ ശൈലി ഉപയോഗിക്കുമ്പോൾ ടീമിന്റെ ആക്രമണത്തിന് കഴിവ് വർധിക്കും. 4-2-4 ഉപയോഗിക്കുമ്പോൾ യുവന്റസ് കൂടുതൽ കരുത്തരാവുകയും താരങ്ങൾക്ക് നല്ല രീതിയിൽ സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്യുന്നു. വലതു ഭാഗത്ത് കുലുസെവ്സ്ക്കിയും ഇടതു ഭാഗത്ത് ചിയേസയെയും നിയോഗിക്കണം. മധ്യത്തിൽ റൊണാൾഡോ -ദിബാല, അല്ലെങ്കിൽ ഡിബാല-മൊറാറ്റ എന്നിവരെ നിയോഗിക്കണം. തീർച്ചയായും ചാമ്പ്യൻസ് ലീഗിന് അനുയോജ്യമായ ഒരു രീതിയാണിത് ” ഡെൽ പിയറോ വിശദീകരിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരം കളിക്കുന്ന കാര്യം ഇപ്പോഴും സംശയത്തിലാണ്. താരത്തിന്റെ അഭാവത്തിൽ മൊറാറ്റയായിരിക്കും മുന്നേറ്റത്തിൽ ഇടം പിടിക്കുക.

Leave a Reply

Your email address will not be published. Required fields are marked *