ബഹുമാനിക്കുന്നു, ഭയക്കുന്നില്ല, പിഎസ്ജി-ബാഴ്‌സ മത്സരത്തിലെ വിജയസാധ്യതകൾ വിശദീകരിച്ച് കൂമാൻ !

ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടർ തിരഞ്ഞെടുപ്പുകൾ ഇന്നലെ പൂർത്തിയായപ്പോൾ അതിൽ ഏറ്റവും ആവേശഭരിതമായ തിരഞ്ഞെടുപ്പ് പിഎസ്ജിയും ബാഴ്‌സയും മുഖാമുഖം വരുന്നു എന്നുള്ളത്. നാലു വർഷത്തിന് ശേഷമാണ് ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടാനൊരുങ്ങുന്നത്. മെസ്സിയും നെയ്മറും എതിരാളികളായി വരുന്നു എന്നുള്ള പ്രത്യേകതയും മത്സരത്തിനുണ്ട്. ഫെബ്രുവരി പതിനേഴിന് ക്യാമ്പ് നൗവിൽ വെച്ചാണ് ആദ്യപാദം നടക്കുന്നതെങ്കിൽ മാർച്ച്‌ പതിനൊന്നിന് പിഎസ്ജിയുടെ മൈതാനത്ത് വെച്ചാണ് രണ്ടാം മത്സരം നടക്കുക. അതേസമയം പിഎസ്ജിയെ പ്രീ ക്വാർട്ടറിൽ ലഭിച്ചതിലുള്ള പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് ബാഴ്‌സ പരിശീലകനായ കൂമാൻ. പിഎസ്ജിയെ ബഹുമാനിക്കുന്നുവെന്നും എന്നാൽ ഭയക്കുന്നില്ലെന്നും കൂമാൻ വ്യക്തമാക്കി.ഇരുടീമുകൾക്കും തുല്യസാധ്യതയാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുണ്ടോ ഡിപോർട്ടിവോയാണ് അദ്ദേഹത്തിന്റെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

” ഞങ്ങൾ കരുത്തരായി കൊണ്ട് കളിക്കണമെന്നറിയാം. പിഎസ്ജി ബുദ്ധിമുട്ടുള്ള ടീമാണ്. അവരെ ബഹുമാനിക്കുന്നു. പക്ഷെ ഭയക്കുന്നില്ല. കാരണം ഞങ്ങളും കരുത്തരായ ടീമാണ്. അത്കൊണ്ട് തന്നെ ഒരു തുല്യപോരാട്ടമാണ് ഞാൻ കാണുന്നത്. ഈ അടുത്ത കാലത്ത് ഒരുപാട് പണം ചിലവഴിച്ചു കൊണ്ട് നല്ല താരങ്ങളെ അവർ ടീമിൽ എത്തിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗാണ് അവരുടെ ലക്ഷ്യം. അതിലേക്ക് എത്തിപ്പെടാനാണ് അവർ ശ്രമിക്കുന്നത്. അതിന് വേണ്ടിയാണ് ഞങ്ങളും ശ്രമിക്കുന്നത്.അത്കൊണ്ട് തന്നെ ഒരു തുല്യമായ, മനോഹരമായ മത്സരം നമുക്ക് കാണാനാവും. 50-50 വിജയസാധ്യതയാണ് ഞാൻ കാണുന്നത്. ഞങ്ങളെ പോലെ അവരും ചാമ്പ്യൻസ് ലീഗിൽ തുടരാൻ ആഗ്രഹിക്കുന്നു. അവർക്കും മികച്ച താരങ്ങളുണ്ട്, ഞങ്ങൾക്കും മികച്ച താരങ്ങളുണ്ട്. ബാഴ്സലോണയിലും പാരീസിലും വെച്ച് നടക്കുന്ന ഇരു മത്സരങ്ങളും ആകർഷകമായത് ആയിരിക്കും ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *