ബയേൺ എംബാപ്പെ പൂട്ടാൻ പാടുപെടും, കണക്കുകൾ ഇതാണ് !

ചരിത്രത്തിലെ ആദ്യചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യം വെച്ച് പിഎസ്ജി ഇന്ന് കളത്തിലേക്കിറങ്ങുമ്പോൾ നെയ്മറെ കൂടാതെ മറ്റൊരു പ്രതീക്ഷ കൂടി പിഎസ്ജിക്കുണ്ട്. മറ്റാരുമല്ല, സൂപ്പർ താരം കിലിയൻ എംബാപ്പെ ആണത്. അറ്റലാന്റക്കെതിരെ നെയ്മർ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചിട്ടും ഗോൾനേടാൻ കഴിഞ്ഞത് എംബാപ്പെയുടെ വരവിനു ശേഷമാണ് എന്ന് ഇവിടെ ചേർത്തു വായിക്കാം. അതായത് നെയ്മറും എംബാപ്പെയും പിഎസ്ജിക്ക് പ്രാധ്യാന്യമർഹിക്കുന്നതാണ് എന്നർത്ഥം. കേവലം ഇരുപത്തിയൊന്ന് വയസ്സുകാരനായ എംബപ്പേയുടെ വേഗതക്ക് തടയിടാൻ ബയേണിന് കഴിഞ്ഞില്ലെങ്കിൽ അതിന്റെ ദൂഷ്യഫലം വളരെ വലുതായിരിക്കും. അത്‌ തന്നെയാണ് കണക്കുകളും പറയുന്നത്. 2016/17 സീസൺ മുതലാണ് ഈ താരം ചാമ്പ്യൻസ് ലീഗിൽ പന്തുതട്ടി തുടങ്ങിയത്. അന്ന് മുതൽ ഇന്ന് വരെ 34 മത്സരങ്ങൾ താരം കളിച്ചു. ഇതിൽ നിന്നായി 19 ഗോളുകളും 13 അസിസ്റ്റുകളും എംബാപ്പെ നേടികഴിഞ്ഞു. അതിനർത്ഥം 34 മത്സരങ്ങളിൽ നിന്ന് 32 ഗോൾപങ്കാളിത്തം വഹിച്ചു എന്നർത്ഥം.

ഓർക്കുക 2016/17 സീസൺ തൊട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ 47 ഗോൾ പങ്കാളിത്തവും, ലെവന്റോസ്ക്കി 43 ഗോൾ പങ്കാളിത്തവും മെസ്സി 42 ഗോൾപങ്കാളിത്തവും നെയ്മർ 35 ഗോൾപങ്കാളിത്തവുമാണ്. അതായത് ഇവരോടൊക്കെ കിടപിടിക്കുന്ന പ്രകടനമാണ് എംബാപ്പെ പുറത്തെടുത്തിരിക്കുന്നത്.ചാമ്പ്യൻസ് ലീഗ് ആദ്യം മൊണോക്കോക്ക് വേണ്ടിയാണ് താരം കളിച്ചത്. ആദ്യസീസണിൽ ആറു ഗോളുകൾ അടിച്ചു കൂടിയ താരം പിന്നീടുള്ള രണ്ട് സീസണിലും നാലു ഗോളുകൾ വീതം അടിച്ചു. ഈ ചാമ്പ്യൻസ് ലീഗിൽ എംബാപ്പെ ഇതുവരെ അഞ്ച് ഗോളും അഞ്ച് അസിസ്റ്റും നേടി കഴിഞ്ഞു. ഇനി ഡ്രിബ്ലിങ്ങുകളുടെ കണക്കുകളിലേക്ക് വന്നാലും എംബാപ്പെ നന്നായി മികവ് കാണിക്കുന്നുണ്ട്. ഈ സീസണിൽ ഓരോ മത്സരത്തിലും 5.3 എന്ന രീതിയിൽ ഡ്രിബ്ലിങ് നടത്തി. ചാമ്പ്യൻസ് ലീഗിൽ ഓരോ 90 മിനിട്ടിലും 4.3 എന്ന തോതിൽ താരം ഡ്രിബ്ലിങ് നടത്തുന്നുണ്ട്. ഏതായാലും ഈ കണക്കുകൾ ഒക്കെ ബയേണിന് ഭീഷണിയാണ്. എംബാപ്പെയുടെ വേഗതക്ക് തടയിടാൻ ബയേണിന് കഴിഞ്ഞിട്ടില്ലെങ്കിൽ അതിന് വലിയ വില കൊടുക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *