ബയേണിന് മുന്നിൽ ഒരിക്കൽ കൂടി തകർന്നടിഞ്ഞ് ബാഴ്‌സ!
ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ വലിയ തോൽവിയേറ്റു വാങ്ങി ബാഴ്‌സ.കരുത്തരായ ബയേണിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സ പരാജയപ്പെട്ടിട്ടുള്ളത്. മത്സരത്തിൽ ഒരിക്കൽ പോലും തിരിച്ചു വരാൻ കഴിയാതെ ദയനീയമായാണ് ബാഴ്‌സ പരാജയം സമ്മതിച്ചിട്ടുള്ളത്. ബയേണിന് വേണ്ടി സൂപ്പർ താരം റോബർട്ട് ലെവന്റോസ്‌ക്കി ഇരട്ട ഗോളുകൾ നേടി.ശേഷിച്ച ഗോൾ തോമസ് മുള്ളറാണ് നേടിയിട്ടുള്ളത്. ജയത്തോടെ മൂന്ന് പോയിന്റുകൾ സ്വന്തമാക്കാൻ ബയേണിന് സാധിച്ചു.
Full Time #BarçaBayern pic.twitter.com/1UE58CkggA
— FC Barcelona (@FCBarcelona) September 14, 2021
തോമസ് മുള്ളർ, ലെവന്റോസ്‌ക്കി എന്നിവരാണ് ബയേണിന്റെ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയത്. അതേസമയം ഡീപേ, ലൂക്ക് ഡി യോങ് എന്നിവരായിരുന്നു ബാഴ്‌സയുടെ മുന്നേറ്റത്തിൽ. മികച്ച രൂപത്തിൽ കളിച്ച ബയേൺ 34-ആം മിനിറ്റിലാണ് ലീഡ് നേടുന്നത്. മുള്ളറുടെ ഷോട്ട് എറിക് ഗാർഷ്യയുടെ ദേഹത്ത് തട്ടി ഗോളായി മാറുകയായിരുന്നു.56-ആം മിനിറ്റിൽ മുസിയാലയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചുവെങ്കിലും ലെവന്റോസ്‌ക്കി അത് ഗോളാക്കി മാറ്റുകയായിരുന്നു.85-ആം മിനുട്ടിൽ ലെവന്റോസ്‌ക്കി ഒരു ഗോൾ കൂടി നേടിയതോടെ ബാഴ്‌സയുടെ പരാജയം പൂർണ്ണമായി.ഇനി ബെൻഫിക്ക, ഡൈനാമോ കീവ് എന്നിവരെയാണ് ഇരുവർക്കും ഗ്രൂപ്പിൽ നേരിടേണ്ടത്.