ബയേണിന്റെ മത്സരം ആരംഭിക്കാൻ 15 മിനിറ്റ് വൈകിയത് എന്തുകൊണ്ട്?
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിന് സാധിച്ചിരുന്നു. പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബയേൺ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ അറുപത്തിയേഴാം മിനുട്ടിൽ ജമാൽ മുസിയാല നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിൽ നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ട് വിജയങ്ങളാണ് ബയേൺ നേടിയിട്ടുള്ളത്.
എന്നാൽ ഇന്നലത്തെ മത്സരം ആരംഭിക്കാൻ 15 മിനിറ്റ് വൈകിയിരുന്നു.ജർമ്മനിയിൽ 8 മണിക്ക് ആരംഭിക്കേണ്ട മത്സരം 8:15നാണ് ആരംഭിച്ചിരുന്നത്.ഇതിന്റെ കാരണം പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മ്യൂണിച്ച് നഗരത്തിലെ സിഗ്നൽ സിസ്റ്റം താറുമാറാവുകയായിരുന്നു. ഇതേത്തുടർന്നാണ് മത്സരം വൈകിയത്.
മ്യുണിച്ചിലെ സബ്വേ സിസ്റ്റത്തിലെ സിഗ്നൽ ബോക്സാണ് കേടുവന്നത്. അതിന്റെ അനന്തരഫലമായി കൊണ്ട് ആരാധകർ എത്തേണ്ട മെട്രോ ട്രെയിനുകൾ വൈകുകയായിരുന്നു. ഇതേ തുടർന്ന് ചെറിയ ഒരു സംഘർഷാവസ്ഥ സ്റ്റേഡിയത്തിന് പുറത്തും റെയിൽവേ സ്റ്റേഷനിലും അരങ്ങേറിയിരുന്നു. എന്നാൽ അതെല്ലാം പരിഹരിക്കപ്പെട്ടു എന്ന് പിന്നീട് ബയേൺ മ്യൂണിക്ക് തന്നെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിലൂടെ അറിയിച്ചിട്ടുണ്ട്. ആരാധകരോട് മറ്റുള്ള ട്രാൻസ്പോർട്ടേഷൻ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനും ഈ ക്ലബ്ബ് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ചാമ്പ്യൻസ് ലീഗിൽ ബാഴ്സയോട് ഒരു വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നവരാണ് ബയേൺ. അതിന് മുൻപ് അവർ ആസ്റ്റൻ വില്ലയോട് പരാജയപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഈ മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞത് അവർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കരുത്തരായ പിഎസ്ജിയാണ് ബയേണിന്റെ എതിരാളികൾ.