ഫോർമേഷനിൽ മാറ്റം, നാപ്പോളിക്കെതിരെ കിടിലൻ തന്ത്രവുമായി സെറ്റിയെൻ
യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ പ്രീക്വോർട്ടർ രണ്ടാം പാദത്തിൽ നാപ്പോളിയെ നേരിടാൻ ഒരുങ്ങുകയാണ് FC ബാഴ്സലോണ. ഈ മത്സരത്തിൻ്റെ ആദ്യ പാദത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. ക്യാമ്പ് നൗവിൽ നടക്കുന്ന രണ്ടാം പാദത്തിൽ വിജയം ലക്ഷ്യം വെച്ചാണ് ബാഴ്സ ഇറങ്ങുന്നുന്നത്. എന്നാൽ പ്രമുഖ താരങ്ങളുടെ സസ്പെൻഷനും പരിക്കും സ്ക്വോഡിൻ്റെ ഡെപ്തില്ലായ്മയും ബാഴ്സയെ വലക്കുന്നുണ്ട്. ഇതിന് പുറമെയാണ് ബ്രസീലിയൻ താരം ആർതർ ചാമ്പ്യൻസ് ലീഗ് കളിക്കാൻ വിസമ്മതിച്ചത്. ഈ പ്രശ്നങ്ങളെയൊക്കെ മറികടക്കാനായി ക്വീക്കെ സെറ്റിയെനും സംഘവും അണിയറയിൽ തന്ത്രങ്ങൾ മെനയുന്നതായാണ് വാർത്തകൾ. ഫോർമേഷനിലടക്കം കാതലായ മാറ്റങ്ങൾ വരുത്തി ടീമിനെ ഇറക്കാനാണ് ബാഴ്സ പരിശീലകൻ പദ്ധതിയിടുന്നത്.
സാധാരണ കളിക്കാറുള്ള 4-3-3 ഫോർമേഷനു പകരം 3-5-2 ഫോർമേഷനിൽ ടീമിനെ ഇറക്കാനാണത്രെ സെറ്റിയെൻ്റെ പ്ലാൻ! ഇതനുസരിച്ച് ഗോൾ കീപ്പറായി മാർക്ക് ആന്ദ്രെ ടെർ സ്റ്റെഗെൺ തന്നെയാവും. മൂന്ന് പേരുടെ ഡിഫൻസിൽ ജെറാദ് പീക്കെയുടെ കൂടെ ലെംഗ്ലെറ്റും നെൽസൺ സെമെഡോയും അണിനിരക്കും. മധ്യനിരയിൽ 5 പേരുണ്ടാവും. ജോർഡി ആൽബയും സെർജി റോബർട്ടോയും വിംഗുകളിൽ അണിനിരക്കുമ്പോൾ റിക്കി പുജ്, ഫ്രങ്കി ഡി യോംഗ്, ഇവാൻ റിക്കിട്ടിച്ച് എന്നിവർ സെൻ്ററിൽ ഓപ്പറേറ്റ് ചെയ്യും. രണ്ട് പേരുടെ മുന്നേറ്റ നിരയിൽ ലയണൽ മെസ്സിക്കൊപ്പം ലൂയി സുവാരസാവും ഇറങ്ങുക. ഈ ഫോർമേഷനിൽ സ്ക്വോഡിൻ്റെ ദൗർബല്ല്യങ്ങൾ പരമാവധി മറച്ചു പിടിക്കാനാവും എന്നാണ് സെറ്റിയെൻ്റെ കണക്കുകൂട്ടലുകൾ.
Setien's revolutionary plan for Champions League game vs. Napoli https://t.co/Z6sN8tn9g5
— SPORT English (@Sport_EN) August 3, 2020