പുതിയ സീസണിൽ ഡി മരിയയെ കാത്തിരിക്കുന്നത് മൂന്ന് നാഴികകല്ലുകൾ!
പിഎസ്ജിയുടെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് അർജന്റൈൻ താരമായ എയ്ഞ്ചൽ ഡി മരിയ.2015 മുതൽ പിഎസ്ജിയുടെ ഭാഗമായ താരത്തിന്റെ കരാർ അടുത്ത സമ്മറിൽ അവസാനിക്കും. ഈ വരുന്ന സീസണിന് ശേഷം അദ്ദേഹം ക്ലബ് വിടാൻ തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കാണുന്നത്. അതേസമയം പുതിയ സീസണിൽ ഡി മരിയയെ കാത്തിരിക്കുന്നത് 3 നാഴികകല്ലുകളാണ്. ഈ വരുന്ന സീസണിൽ ഡി മരിയക്ക് സ്വന്തമാക്കാൻ കഴിയുന്ന ആ മൂന്നു നേട്ടങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.
1- ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരമെന്ന റെക്കോർഡാണ് ഡി മരിയയെ കാത്തിരിക്കുന്നത്. പക്ഷേ ഈ സീസണിൽ അത് എത്തിപ്പിടിക്കൽ ഒരല്പം ബുദ്ധിമുട്ടാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ 34 ചാമ്പ്യൻസ് ലീഗ് അസിസ്റ്റുകൾ ഉള്ള ഡി മരിയ മൂന്നാം സ്ഥാനത്താണ്. 42 അസിസ്റ്റുകൾ ഉള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാമതും 36 അസിസ്റ്റുകൾ ഉള്ള ലയണൽ മെസ്സി രണ്ടാമതുമാണ്. റൊണാൾഡോയെ മറികടക്കണമെങ്കിൽ ഈ ചാമ്പ്യൻസ് ലീഗിൽ 9 അസിസ്റ്റുകൾ ഡി മരിയ സ്വന്തമാക്കണം. മാത്രമല്ല റൊണാൾഡോയും മെസ്സിയും ഈ ചാമ്പ്യൻസ് ലീഗ് കളിക്കുന്നുണ്ട്.
3 Milestones Angel Di Maria Could Achieve Over 2021-2022 Season With PSG https://t.co/xLfCZS8q6E
— PSG Talk 💬 (@PSGTalk) August 3, 2021
2-പിഎസ്ജിക്കൊപ്പം നൂറ് ഗോളുകൾ നേടാൻ കഴിയുന്ന താരമാവാൻ ഡി മരിയക്ക് സാധിക്കും. നിലവിൽ 87 ഗോളുകളാണ് പിഎസ്ജിക്ക് വേണ്ടി ഡി മരിയ നേടിയിട്ടുള്ളത്. ഇനി 13 ഗോളുകൾ കൂടി നേടിയാൽ ഈ നേട്ടം കരസ്ഥമാക്കാൻ കഴിയും. മാത്രമല്ല ഓരോ സീസണിലും 10 ഗോളിന് മുകളിൽ നേടാൻ ഡി മരിയക്ക് കഴിഞ്ഞിട്ടുമുണ്ട്.
3- 30 കരിയർ ട്രോഫികൾ നേടുന്ന താരമാവാൻ ഡി മരിയക്ക് സാധിക്കും. ക്ലബ്ബിനും രാജ്യത്തിനുമായി ഇതുവരെ ഡി മരിയ 27 കിരീടങ്ങൾ നേടി കഴിഞ്ഞു. മൂന്ന് കിരീടങ്ങൾ ഈ സീസണിൽ നേടിയാൽ 30 കിരീടങ്ങൾ പൂർത്തിയാക്കാൻ ഡി മരിയക്ക് സാധിക്കും.ചാമ്പ്യൻസ് ലീഗ്, ലീഗ് വൺ, കോപേ ഡി ഫ്രാൻസ് എന്നിവ ഈ സീസണിൽ പിഎസ്ജി നേടിയാൽ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.
ഏതായാലും ഈ നേട്ടങ്ങൾ എത്തിപ്പിടിക്കാൻ ഡി മരിയക്ക് സാധിക്കുമോ എന്ന് കാത്തിരുന്നു കാണാം.