പിഎസ്ജി ഫൈനലിൽ തോറ്റു, ആഘോഷം പൊടിപൊടിച്ച് ഫ്രഞ്ച് ക്ലബ് ആരാധകർ !

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കന്നികിരീടം ലക്ഷ്യം വെച്ചിറങ്ങിയ പിഎസ്ജിക്ക് ഇന്നലെ കിരീടം ബയേണിന് മുന്നിൽ അടിയറവ് വെക്കാനായിരുന്നു വിധി. ബയേണിനോട് കിടപിടിക്കുന്ന പ്രകടനമായിരുന്നു പിഎസ്ജി കാഴ്ച്ചവെച്ചതെങ്കിലും ഗോൾ നേടാനാവാതെ പോയതാണ് പിഎസ്ജിക്ക് തിരിച്ചടിയായത്. ഇപ്പോഴിതാ പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ തോൽവി ആഘോഷമാക്കിയിരിക്കുകയാണ് ഫ്രഞ്ച് ക്ലബായ മാഴ്സെയുടെ ആരാധകർ. പടക്കം പൊട്ടിച്ചും കരിമരുന്നു പ്രയോഗം നടത്തിയുമാണ് പിഎസ്ജിയുടെ തോൽവി ഫ്രാൻസിലെ തന്നെ ക്ലബായ മാഴ്സെയുടെ ആരാധകർ ആഘോഷമാക്കിയത്. പിഎസ്ജി വിരുദ്ധമുദ്രാവാക്യം വിളിച്ചെത്തിയ ഒരു കൂട്ടം ആരാധകരാണ് പിഎസ്ജിയുടെ തോൽവി കൊണ്ടാടിയത്. ലീഗ് വണ്ണിൽ പിഎസ്ജിയുടെ ചിരവൈരികളാണ് മാഴ്സെ.

ഇതാദ്യമായല്ല മാഴ്സെ ആരാധകരുടെ പിഎസ്ജി വൈരാഗ്യം വാർത്തകളിൽ ഇടംനേടുന്നത്. കഴിഞ്ഞ സെമി ഫൈനലിൽ പിഎസ്ജി ലീപ്‌സിഗിനെ മറികടന്നതോടെ ഒട്ടേറെ അനിഷ്ടസംഭവങ്ങൾ മാഴ്സെ നഗരത്തിൽ റിപ്പോർട്ട്‌ ചെയ്തിരുന്നു. അതിലൊന്നായിരുന്നു പിഎസ്ജി ജേഴ്സി ധരിച്ച ഒരു ആരാധകനെ മാഴ്സെ ആരാധകർ ആക്രമിക്കുകയും തുടർന്ന് പോലീസിന്റെ പിടിയിലാവുകയും ചെയ്തത്. തുടർന്ന് മാഴ്സെ നഗരത്തിൽ പിഎസ്ജിയുടെ ജേഴ്‌സിയോ അതല്ലെങ്കിൽ പിഎസ്ജിയുടെ കളറിലുള്ള ഏതെങ്കിലും വസ്തുവോ ധരിക്കുന്നത് നിരോധിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തുകയും തുടർന്ന് നിരോധനം പിൻവലിക്കുകയും ചെയ്തിരുന്നു. ഏതായാലും തങ്ങളുടെ ചിരവൈരികളുടെ തോൽവി ആഘോഷമാക്കിയിരിക്കുകയാണ് മാഴ്സെ ആരാധകർ. കൂടാതെ ഫ്രാൻസിന്റെ പല ഭാഗത്തും പിഎസ്ജിയുടെ തോൽവിയോട് അനുബന്ധിച്ച് ആക്രമണസംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *