പിഎസ്ജി-ഡോർമുണ്ട് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ !
കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ പിഎസ്ജി – ബൊറൂസിയ ഡോർട്മുണ്ട് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ ധാരണയായി. കുറച്ചു മുൻപ് പാരീസ് പോലീസ് ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പിഎസ്ജിയുടെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിലാണ് കാണികൾ ഇല്ലാതെ താരങ്ങൾ പന്ത് തട്ടേണ്ടി വരിക. കൊറോണ വൈറസ് പരക്കുന്ന നിലവിലെ ഈ അവസ്ഥയിൽ ജനസമ്പർക്കം ഒഴിവാക്കാൻ വേണ്ടിയാണ് പാരീസ് പോലീസിന്റെ നടപടി.
ആദ്യപാദത്തിൽ 2-1 എന്ന സ്കോറിന് പിഎസ്ജി തോറ്റിരുന്നു. അന്ന് നെയ്മർ ജൂനിയർ നേടിയ എവേ ഗോൾ പിഎസ്ജിക്ക് അനുകൂലമാണ്. എന്നിരുന്നാലും കാണികൾ ഇല്ലാതെ മത്സരത്തിനിറങ്ങുന്നത് പിഎസ്ജിയെ സംബന്ധിച്ചെടുത്തോളം തിരിച്ചടിയാണ്. പ്രത്യേകിച്ച് ജയം അനിവാര്യമായ ഈ സാഹചര്യത്തിൽ. മറ്റന്നാൾ രാത്രി ഇന്ത്യൻ സമയം ഒന്നരക്കാണ് മത്സരം അരങ്ങേറുന്നത്.
😫😫😫😫😫😫😫