പിഎസ്ജി-ഇസ്താംബൂൾ മത്സരത്തിൽ സംഭവിച്ചതെന്ത്?

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന പിഎസ്ജി-ഇസ്താംബൂൾ മത്സരം പാതിവഴിയിൽ വെച്ച് തടസ്സപ്പെട്ടിരുന്നു. മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിലാണ് മത്സരം തടസ്സപ്പെട്ടത്. വളരെ വലിയ വിവാദങ്ങൾക്ക്‌ തിരികൊളുത്തിയ സംഭവവികാസങ്ങളാണ് ഈ മത്സരത്തിനിടെ അരങ്ങേറിയത്. മത്സരത്തിലെ ഫോർത്ത് ഒഫീഷ്യൽ ആയ സെബാസ്റ്റ്യൻ കോൾടെസ്ക്കു വംശീയമായി അധിക്ഷേപം നടത്തി എന്ന കാരണത്താലാണ് ഇന്നലത്തെ മത്സരം പാതിവഴിയിൽ വെച്ച് നിർത്തിയത്. ഇസ്താംബൂൾ ടീമിന്റെ ബെഞ്ചിലുള്ള സ്റ്റാഫിനെയാണ് ഫോർത്ത് ഒഫീഷ്യൽ വംശീയചുവയുള്ള വാക്കുകൾ ഉപയോഗിച്ച് കൊണ്ട് അഭിസംബോധനം ചെയ്തത്. ഇതോടെ ഇസ്താംബൂൾ താരങ്ങൾ പ്രതിഷേധിച്ചു കൊണ്ട് കളം വിടുകയായിരുന്നു.

ഇതിന് പിന്നാലെ പിഎസ്ജി താരങ്ങളും ഇസ്താംബൂളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കളം വിട്ടു. തുടർന്ന് ഉടൻ തന്നെ യുവേഫ മത്സരം താൽകാലികമായി നിർത്തിവെക്കാനും അന്വേഷണത്തിനും ഉത്തരവിട്ടു. ഫോർത്ത് ഒഫീഷ്യൽ ആയ കോൾടെസ്ക്കു ‘ദി ബ്ലാക്ക് വൺ’ എന്ന പ്രയോഗമാണ് നടത്തിയതെന്ന് ടിവി ഫുട്ടേജുകൾ വഴി തെളിഞ്ഞിരുന്നു. അതേസമയം നീഗ്രോ എന്ന് വിളിച്ചു അധിക്ഷേപിച്ചതായി ഇസ്താംബൂൾ സബ്സ്റ്റിറ്റ്യൂട്ട് ഡെമ്പാ ബാ ആരോപിക്കുന്നതായി വീഡിയോ ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഏതായാലും മത്സരം ഇന്ന് നടത്താൻ യുവേഫ തീരുമാനിച്ചിട്ടുണ്ട്. പുതിയ ഒഫീഷ്യൽസിന്റെ കീഴിലായിരിക്കും മത്സരം നടക്കുക. നെയ്മർ, എംബാപ്പെ, കിപ്പമ്പേ തുടങ്ങിയവർ എല്ലാവരും തന്നെ ഇസ്താംബൂളിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇരുക്ലബുകളുമായി യുവേഫ ചർച്ച നടത്തുകയും മത്സരം ഇന്നത്തേക്ക് നിശ്ചയിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *