പിഎസ്ജിക്ക് വീണ്ടും പണി കൊടുത്ത് റാഷ്ഫോർഡ്, ജയത്തോടെ യുണൈറ്റഡ് തുടങ്ങി !

ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടന്ന സൂപ്പർ പോരാട്ടത്തിൽ നിലവിലെ റണ്ണേഴ്‌സ് അപ്പായ പിഎസ്ജിയെ മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഗ്രൂപ്പിൽ എച്ചിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പിഎസ്ജിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് കീഴടക്കിയത്. മുമ്പ് തങ്ങളെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താക്കിയതിന് പ്രതികാരം ചെയ്യാനൊരുങ്ങി നിന്ന പിഎസ്ജിക്ക് മുമ്പിൽ ഇത്തവണയും വിലങ്ങുതടിയായത് മാർക്കസ് റാഷ്ഫോർഡാണ്. മത്സരത്തിന്റെ 87-ആം മിനുട്ടിൽ താരം നേടിയ ഗോളാണ് യുണൈറ്റഡിന് വിജയം നേടികൊടുത്തത്. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമതെത്താൻ യുണൈറ്റഡിന് സാധിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇസ്താംബൂളിനെ കീഴടക്കിയ ലീപ്സിഗാണ് രണ്ടാം സ്ഥാനത്ത്.യുണൈറ്റഡിന് വേണ്ടി ബ്രൂണോ, റാഷ്ഫോർഡ് എന്നിവർ ഗോൾ നേടിയപ്പോൾ പിഎസ്ജി നേടിയ ഗോൾ മാർഷ്യലിന്റെ സെൽഫ് ഗോളായിരുന്നു.

മത്സരത്തിന്റെ 23-ആം മിനിട്ടിലാണ് യുണൈറ്റഡ് ആദ്യ ഗോൾ നേടുന്നത്. മാർഷ്യലിനെ ഡയാലോ ബോക്സിനകത്ത് വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ബ്രൂണോ രണ്ടാമത്തെ ശ്രമത്തിൽ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. ആദ്യ തവണ നവാസ് സേവ് ചെയ്തുവെങ്കിലും അപാകത കണ്ടെത്തിയ റഫറി പെനാൽറ്റി വീണ്ടും എടുക്കാൻ വിധിക്കുകയായിരുന്നു.എന്നാൽ പിന്നീട് പിഎസ്ജിക്ക് സമനിലയിൽ എത്തിക്കാൻ കഴിഞ്ഞത് 55-ആം മിനുട്ടിലാണ്. നെയ്മറിന്റെ കോർണർ കിക്ക് മാർഷ്യൽ ഹെഡർ ചെയ്തുവെങ്കിലും പതിച്ചത് സ്വന്തം വലയിൽ ആയിരുന്നു. എന്നാൽ 87-ആം മിനുട്ടിലാണ് റാഷ്ഫോർഡ് അവതരിച്ചത്. പോഗ്ബയുടെ പാസ് സ്വീകരിച്ച താരം തൊടുത്ത ഷോട്ട് നവാസിനെ കീഴടക്കി വലയിൽ കയറുകയായിരുന്നു. ഇതോടെ വിലപ്പെട്ട മൂന്ന് പോയിന്റാണ് യുണൈറ്റഡിന് സ്വന്തമാക്കാൻ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *