പിഎസ്ജിക്കെതിരെ ഗോളടിച്ചിരിക്കും : ഹാലണ്ട്

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദത്തിൽ പിഎസ്ജിയെ നേരിടാനൊരുങ്ങുകയാണ് ബൊറൂസിയ ഡോർട്മുണ്ട്. ആദ്യപാദത്തിൽ ആർത്തിരമ്പിയ സ്വന്തം കാണികൾക്ക് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വെന്നിക്കൊടി നാട്ടാൻ ബൊറൂസിയക്കായിരുന്നു. അന്ന് രണ്ട് ഗോളുകളും പിഎസ്ജിയുടെ വലയിൽ അടിച്ചുകേറ്റിയത് യുവതാരം എർലിങ് ഹാലണ്ട് ആയിരുന്നു. എന്നാൽ ഇപ്പോഴിതാ പിഎസ്ജിക്കെതിരെ രണ്ടാം പാദത്തിലും തനിക്ക് ഗോളടിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് താരം. ആദ്യപാദത്തിലെ തന്റെ പ്രകടനത്തിൽ താൻ സംതൃപ്തനല്ലെന്നും അതിലും കൂടുതൽ മികച്ച പ്രകടനം നടത്താൻ തനിക്കാവുമെന്നാണ് ഹാലണ്ട് പ്രത്യാശ പ്രകടിപ്പിച്ചിരിക്കുന്നത്.

” അതേ. ഞാൻ രണ്ട് ഗോളുകൾ നേടി. പക്ഷെ ആ മത്സരത്തിൽ ഒരുപാട് മിസ്റ്റേക്കുകൾ ഞാൻ വരുത്തിയിരുന്നു. അത് കൊണ്ട് തന്നെ അടുത്ത മത്സരത്തിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ എനിക്ക് കഴിയും. ഒരു സാധാരണ ഫുട്ബോൾ താരമായാണ് ഞാൻ ഡോർട്മുണ്ടിലെത്തിയത്. ഇപ്പോഴും ഞാൻ ഒരു സാധാരണ ഫുട്ബോൾ താരം തന്നെയാണ്. പക്ഷെ ഇവിടെ നല്ല രീതിയിൽ തന്നെ തന്നെയാണ് മുന്നോട്ട് പോവുന്നത്. ഞാനെപ്പോഴും റെക്കോർഡുകളെ കുറിച്ച് ആലോചിക്കുന്ന ഒരാളല്ല. പക്ഷെ ഡോർട്മുണ്ടിന്റെ ടോപ് സ്കോറെർ ആവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ടീമിനെ സഹായിക്കുക എന്നതിനായിരിക്കും ഞാൻ എപ്പോഴും പ്രഥമപരിഗണന നൽകുക ” ഹാലണ്ട് പറഞ്ഞു.

ഡോർട്മുണ്ടിൽ എത്തിയ ശേഷം തകർപ്പൻ ഫോമിലാണ് ഹാലണ്ട്. ഈ ജനുവരിയിൽ റെഡ്ബുൾ സാൽസ്ബർഗിൽ നിന്ന് ഡോർമുണ്ടിൽ എത്തിയ താരം പത്ത് കളികളിൽ നിന്ന് പന്ത്രണ്ട് ഗോളുകൾ താരം നേടി കഴിഞ്ഞു. താരത്തിന്റെ മികവിൽ ബുണ്ടസ്ലിഗയിൽ രണ്ടാം സ്ഥാനത്താണ് ബൊറൂസിയ. ബുധനാഴ്ച്ച രാത്രി ഇന്ത്യൻ സമയം ഒന്നര മണിക്കാണ് പിഎസ്ജി-ഡോർട്മുണ്ട് മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *