പരിക്ക്,റയൽ സൂപ്പർ താരത്തിന് പിഎസ്ജിക്കെതിരെയുള്ള മത്സരം നഷ്ടമാവാൻ സാധ്യത!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ കരുത്തരുടെ പോരാട്ടമാണ് ഫുട്ബോൾ ലോകത്തെ കാത്തിരിക്കുന്നത്.റയൽ മാഡ്രിഡും പിഎസ്ജിയും തമ്മിലാണ് കൊമ്പുകോർക്കുക.ഈ മാസം പതിനഞ്ചാം തിയ്യതി പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ആദ്യപാദ പോരാട്ടം അരങ്ങേറുക.
എന്നാൽ ഈ മത്സരത്തിന് മുന്നേ പരിക്ക് റയലിന് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.റയൽ മാഡ്രിഡിന്റെ ഫുൾ ബാക്കായ ഫെർലാന്റ് മെൻഡിയാണ് നിലവിൽ പരിക്കിന്റെ പിടിയിൽ ഉള്ളത്.അഡക്റ്റർ ഇഞ്ചുറിയാണ് മെൻഡിയെ അലട്ടുന്നത്.താരത്തിന് പിഎസ്ജിക്കെതിരെയുള്ള മത്സരം നഷ്ടമാകുമെന്നാണ് സൂചനകൾ. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) February 1, 2022
കഴിഞ്ഞ എൽചെക്കെതിരെയുള്ള മത്സരത്തിൽ മെന്റി റയലിന് വേണ്ടി കളിച്ചിരുന്നു.അതിന് ശേഷം നാല് പരിശീലന സെഷനുകളാണ് പൂർത്തിയായത്.ഇതിലൊന്നും മെൻഡി പങ്കെടുത്തിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്.ആശങ്കയുണ്ടാക്കുന്ന പരിക്ക് തന്നെയാണ് എന്നാണ് നിഗമനം.
അതേസമയം പരിക്ക് നിലവിൽ പിഎസ്ജിക്കും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.സൂപ്പർ താരം സെർജിയോ റാമോസിന് വീണ്ടും പരിക്കേറ്റിരുന്നു.താരം റയലിനെതിരെ കളിക്കുമോ എന്നുള്ള കാര്യവും ഉറപ്പായിട്ടില്ല. മറ്റൊരു സൂപ്പർതാരമായ നെയ്‌മറുടെ കാര്യത്തിലും പിഎസ്ജിക്ക് ആശങ്കയുണ്ട്.നെയ്മർ തനിച്ചുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. റയലിനെതിരെയുള്ള മത്സരത്തിന് മുന്നേ നെയ്മർ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.