പകരക്കാരനായി വന്നു ഹാട്രിക്ക് നേടി, റെക്കോർഡ് പുസ്തകത്തിൽ ഇടം കണ്ടെത്തി റാഷ്ഫോർഡ് !

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ആർബി ലീപ്സിഗിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർത്തു വിട്ടത്. മത്സരത്തിൽ പകരക്കാരനായി വന്നു കൊണ്ട് ഹാട്രിക് നേടിയ റാഷ്ഫോർഡിന്റെ മികവിലാണ് യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിലെ ഗംഭീരവിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ അറുപത്തിമൂന്നാം മിനുട്ടിൽ കളത്തിലിറങ്ങിയ റാഷ്ഫോർഡ് 74, 77, 92 എന്നീ മിനുട്ടുകളിലാണ് കഴിഞ്ഞ ചാമ്പ്യൻസ് ലീഗിലെ സെമി ഫൈനലിസ്റ്റുകളുടെ വലയിൽ നിറയൊഴിച്ചത്. ചാമ്പ്യൻസ് ലീഗിലെ തുടർച്ചയായ രണ്ടാം ജയമാണ് യുണൈറ്റഡ് നേടിയത്. ആദ്യ മത്സരത്തിൽ പിഎസ്ജിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യുണൈറ്റഡ് തകർത്തിരുന്നു. മത്സരത്തിൽ വിജയഗോൾ റാഷ്ഫോർഡിന്റെ വകയായിരുന്നു. ഇപ്പോഴിതാ ചാമ്പ്യൻസ് ലീഗ് റെക്കോർഡ് പുസ്തകത്തിൽ ഇടം നേടിയിരിക്കുകയാണ് റാഷ്ഫോർഡ്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ പകരക്കാരനായി വന്നു കൊണ്ട് ഹാട്രിക് നേടുന്ന അഞ്ചാമത്തെ താരമായി മാറാനാണ് റാഷ്ഫോർഡിന് ഇന്നലെ കഴിഞ്ഞത്.

മുമ്പ് കിലിയൻ എംബാപ്പെ, വാൾട്ടർ പാന്റിയാനി, ഹോസെബ ലോറെന്റെ, ഉവേ റോസ്ലർ എന്നീ നാലു താരങ്ങൾ മാത്രമാണ് ചാമ്പ്യൻസ് ലീഗിൽ പകരക്കാരായി വന്നു കൊണ്ട് ഹാട്രിക് നേടിയിട്ടുള്ളത്. ഇവരുടെ കൂട്ടത്തിലേക്കാണ് ഇപ്പോൾ റാഷ്ഫോർഡും നടന്നു കയറുന്നത്. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിൽ മറ്റൊരു റെക്കോർഡ് കൂടി താരം സ്ഥാപിച്ചിട്ടുണ്ട്. പകരക്കാരനായി കൊണ്ട് ഹാട്രിക് നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണ് മാർക്കസ് റാഷ്ഫോർഡ്. രസകരമായ കാര്യം ആദ്യമായും പകരക്കാരനായി ഇറങ്ങി ഹാട്രിക് നേടിയ താരം നിലവിലെ പരിശീലകനായ സോൾഷ്യാർ ആണ്. 1999 ഫെബ്രുവരിയിൽ പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെയാണ് സോൾഷ്യാർ പകരക്കാരനായി വന്നു കൊണ്ട് ഹാട്രിക് നേടിയത്. അതേ സോൾഷ്യാറിന് മുമ്പിലാണ് റാഷ്ഫോർഡ് ഹാട്രിക് നേടിയത്. ഏതായാലും ചാമ്പ്യൻസ് ലീഗിലെ മിന്നും പ്രകടനങ്ങൾ സോൾഷ്യാറിന് സന്തോഷം നൽകുന്ന ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *