നാണക്കേടിന്റെ രണ്ട് റെക്കോർഡുകൾ, നാണംകെട്ട് യുണൈറ്റഡും ടെൻ ഹാഗും!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിലും വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ഓൾഡ് ട്രഫോഡിൽ വെച്ച് കൊണ്ട് ബയേൺ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത് ഇതോടെ ചാമ്പ്യൻസ് ലീഗിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തായി കഴിഞ്ഞു.യൂറോപ ലീഗിലേക്ക് പോലും യോഗ്യത നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിട്ടില്ല.
ഈ സീസണിൽ യുണൈറ്റഡ് വഴങ്ങുന്ന പന്ത്രണ്ടാമത്തെ തോൽവിയാണിത്.ടെൻ ഹാഗും സംഘവും വളരെ ബുദ്ധിമുട്ടേറിയ ഒരു ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.ഇന്നലത്തെ തോൽവിയോടുകൂടി യുണൈറ്റഡ് നാണക്കേടിന്റെ രണ്ട് റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. അതായത് ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് യുണൈറ്റഡ് ഫിനിഷ് ചെയ്തിട്ടുള്ളത്. ആറുമത്സരങ്ങളിൽ നിന്ന് കേവലം ഒരു വിജയം മാത്രം നേടിയിട്ടുള്ള ഇവർ 4 പോയിന്റ് മാത്രമാണ് കരസ്ഥമാക്കിയിട്ടുള്ളത്.
Congrats to Erik Ten Hag on breaking a record – Manchester United have become the first English side in history to concede 15 goals in the Champions League group stage. pic.twitter.com/YjfYRaBLNJ
— Piers Morgan (@piersmorgan) December 12, 2023
ആറുമത്സരങ്ങളിൽ നിന്ന് 15 ഗോളുകളാണ് യുണൈറ്റഡ് വഴങ്ങിയത്.ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ 15 ഗോളുകൾ വഴങ്ങുന്ന ചരിത്രത്തിലെ ആദ്യ പ്രീമിയർ ലീഗ് ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.ഒപ്റ്റയാണ് ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.ഈ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങുന്ന രണ്ടാമത്തെ ടീമും മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ്.
മാത്രമല്ല രണ്ട് ചാമ്പ്യൻസ് ലീഗ് സീസണുകളിൽ ഗ്രൂപ്പ് റൗണ്ടിൽ ഏറ്റവും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ആദ്യ ഇംഗ്ലീഷ് ടീം കൂടിയാണ് യുണൈറ്റഡ്.2005-06 സീസണിൽ അവർ ഗ്രൂപ്പിൽ അവസാന സ്ഥാനത്തായിരുന്നു.അത് ഇത്തവണയും ആവർത്തിച്ചു കഴിഞ്ഞു. ഇങ്ങനെ നാണക്കേടിന്റെ 2 കണക്കുകളാണ് ഇന്നലെ യുണൈറ്റഡ് സ്വന്തമാക്കിയിട്ടുള്ളത്.അവസാനമായി കളിച്ച നാലു മത്സരങ്ങളിൽ മൂന്നെണ്ണത്തിലും പരാജയപ്പെട്ട യുണൈറ്റഡ് ഇനി അടുത്ത മത്സരത്തിൽ നേരിടുക ലിവർപൂളിനെയാണ്.