തമാശക്ക് പറഞ്ഞ വാക്ക് പാലിച്ച് സോമ്മർ,700 കിലോ ചോക്ലേറ്റ് ദാനം ചെയ്തു!

കഴിഞ്ഞ ചാമ്പ്യൻസ് ലീഗിലെ രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ കരുത്തരായ പിഎസ്ജിയെ പരാജയപ്പെടുത്താൻ ബയേണിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബയേൺ മത്സരം വിജയിച്ചത്. മത്സരത്തിൽ അവരുടെ ഗോൾകീപ്പറായ യാൻ സോമ്മർ ഒരു അബദ്ധം വരുത്തിവെക്കുകയും പിഎസ്ജി താരം വീറ്റിഞ്ഞ അത് ഗോളിലേക്ക് ഷോട്ട് എതിർക്കുകയും ചെയ്തിരുന്നു.എന്നാൽ ബയേണിന്റെ പ്രതിരോധനിരതാരമായ മത്യാസ് ഡി ലൈറ്റ് ഒരു ഗോൾ ലൈൻ സേവിലൂടെ അത് രക്ഷപ്പെടുത്തിയെടുക്കുകയായിരുന്നു.

ഇതിനുശേഷം യാൻ സോമ്മർ തമാശ രൂപേണ ചില കാര്യങ്ങൾ പറഞ്ഞിരുന്നു. അതായത് തന്നെ ഡി ലൈറ്റ് രക്ഷപ്പെടുത്തിയ രീതി അവിശ്വസനീയമായിരുന്നു എന്നും ഒരു ട്രക്ക് നിറയെ സ്വിസ് ചോക്ലേറ്റ് ഞാൻ ഡി ലൈറ്റിന്റെ വീടിന്റെ മുന്നിൽ എത്തിക്കും എന്നുമായിരുന്നു യാൻ സോമ്മർ മത്സരശേഷം പറഞ്ഞിരുന്നത്. തമാശക്ക് പറഞ്ഞതാണെങ്കിലും ആ വാക്ക് ബയേൺ ഗോൾകീപ്പർ പാലിക്കുകയായിരുന്നു.

700 കിലോയോളം സ്വിസ് ചോക്ലേറ്റ് യാൻ സോമ്മർ ഡി ലൈറ്റിന് അയച്ചു കഴിഞ്ഞു എന്നായിരുന്നു തുടക്കത്തിൽ പുറത്തേക്കു വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ അദ്ദേഹത്തിന്റെ ക്ലബ്ബായ ബയേൺ മ്യൂണിക്ക് ഈ വിഷയത്തിൽ കൂടുതൽ വ്യക്തതകൾ വരുത്തിയിട്ടുണ്ട്. അതായത് മ്യൂണിക്കിലെ ഒരു അസോസിയേഷന് ഈ 700 കിലോയോളം ചോക്ലേറ്റ് ദാനം ചെയ്യുകയാണ് യാൻ സോമ്മർ ചെയ്തിട്ടുള്ളത്. പാവങ്ങളെ സഹായിക്കുന്ന മ്യൂണിച്ചിലെ ഒരു അസോസിയേഷനാണ് ഈ ചോക്ലേറ്റുകൾ ലഭിച്ചിട്ടുള്ളത്. ഇതിന്റെ പിറകിലുള്ള കഥ തങ്ങൾക്ക് അറിയില്ലെന്നും എന്നാൽ ബയേൺ ഫുട്ബോൾ ക്ലബ്ബിൽ നിന്നാണ് ഈ ചോക്ലേറ്റുകൾ വന്നത് എന്നുമുള്ള കാര്യം ഈ അസോസിയേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്.

ഏതായാലും യാൻ സോമ്മറിന്റെ ഈയൊരു പ്രവർത്തി വലിയ കയ്യടികളാണ് നേടിയിട്ടുള്ളത്. കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സോമ്മർ മോൺഷെൻഗ്ലാഡ്ബാഷ് വിട്ടു കൊണ്ട് ബയേണിൽ എത്തിയത്.ബയേണിന്റെ ഗോൾ കീപ്പറായ മാനുവൽ ന്യൂയർക്ക് പരിക്കേറ്റതോട് കൂടിയാണ് സോമ്മറെ ബയേൺ സ്വന്തമാക്കിയത്.ബുണ്ടസ് ലിഗയിൽ ഈ സീസണിൽ ആകെ 19 മത്സരങ്ങൾ ഈ സ്വിസ് ഗോൾകീപ്പർ കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *