തങ്ങൾ ചെയ്തതിൽ അഭിമാനം കൊള്ളുന്നുവെന്ന് സിദാൻ !

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ട് റയൽ മാഡ്രിഡ്‌ പുറത്തായിരുന്നു. ആകെ അഗ്രിഗേറ്റ് സ്‌കോറിൽ 4-2 ന്റെ തോൽവിയാണ് സിദാന്റെ സംഘം അറിഞ്ഞത്. മത്സരത്തിലെ തോൽവിയിലുള്ള നിരാശ പങ്കുവെക്കാൻ പരിശീലകൻ സിദാൻ മറന്നില്ല. ഇത്തരമൊരു അവസ്ഥയിൽ ഒരിക്കലും തങ്ങൾക്ക് സന്തോഷിക്കാൻ കഴിയില്ലെന്നും എന്നാൽ ഞങ്ങൾ ചെയ്തു തീർത്ത കാര്യങ്ങളിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം അറിയിച്ചു. സിറ്റി അർഹിച്ച വിജയമാണ് എന്നറിയിച്ച സിദാൻ അവരെ അഭിനന്ദിക്കാനും മറന്നില്ല. വരാനെ വരുത്തിയ പിഴവുകളെ കുറിച്ച് അദ്ദേഹത്തോട് സംസാരിക്കുമെന്നും വിനീഷ്യസിനെ ഉൾപ്പെടുത്താത്തത് തന്റെ തീരുമാനം തന്നെയാണ് എന്നും ഫസ്റ്റ് ഇലവനുകൾ എപ്പോഴും മാറികൊണ്ടിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

” നിങ്ങൾ തോൽവി അറിയുകയാണെങ്കിൽ നിങ്ങൾക്ക് സന്തോഷിക്കാൻ കഴിയില്ല. ഞങ്ങളുടെ എതിരാളികളെ ഞങ്ങൾ അഭിനന്ദിക്കുന്നു. അവർ മികച്ച രീതിയിൽ കളിച്ചു. തോൽവിക്ക് ഒരു ന്യായീകരണവും കണ്ടെത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. രണ്ട് മത്സരത്തിലും ഞങ്ങൾ തോൽക്കുകയാണ് ചെയ്തത്. ഞങ്ങൾ ചെയ്യാൻ ഉദ്ദേശിച്ചത് ഞങ്ങൾ ചെയ്തു. പക്ഷെ അത് എല്ലായിപ്പോഴും പ്രവർത്തികമാവണം എന്നില്ലല്ലോ. വിനീഷ്യസിനെ ഉൾപ്പെടുത്താത്തത് എന്റെ തീരുമാനമാണ്. ഫസ്റ്റ് ഇലവനുകളിൽ താരങ്ങൾ വരികയും പോവുകയും ചെയ്യും. എന്നെ സംബന്ധിച്ചെടുത്തോളം ഈ സീസൺ നല്ലതായി തോന്നി. നല്ല റിസൾട്ടോടു കൂടിയല്ല സീസൺ അവസാനിച്ചത്. ഞങ്ങൾ ചെയ്തതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. ഞാനും വരാനെയും തമ്മിൽ സംസാരിക്കാനിരിക്കുകയാണ്. ആരും തന്നെ സംഭവിച്ചതിൽ സന്തുഷ്ടരല്ല. പക്ഷെ മത്സരഫലത്തെ ഞങ്ങൾ അംഗീകരിക്കുകയും എതിരാളികളെ അഭിനന്ദിക്കുകയും ചെയ്യുന്നു ” സിദാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *