ടെർ സ്റ്റീഗന് ബയേണെന്നും ഒരു പേടിസ്വപ്നം, ഇത്തവണയെങ്കിലും രക്ഷയുണ്ടാകുമോ?

ഈ ആഴ്ചയിൽ നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഏറ്റവും ആകർഷകമായ മത്സരം ഗ്രൂപ്പ് സിയിലാണ് നടക്കുന്നത്. വമ്പൻമാരായ എഫ്സി ബാഴ്സലോണയും ബയേൺ മ്യൂണിക്കും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 12:30ന് ബയേണിന്റെ മൈതാനമായ അലയൻസ് അരീനയിലാണ് ഈയൊരു മത്സരം നടക്കുക.

ഈ മത്സരത്തിന് എത്തുന്ന ബാഴ്സ ഗോൾകീപ്പർ ടെർ സ്റ്റീഗൻ ഒട്ടും ആശ്വാസത്തിലായിരിക്കില്ല. എന്തെന്നാൽ ബയേൺ എന്നും ജർമ്മൻ ഗോൾ കീപ്പറായ ടെർ സ്റ്റീഗന് ഒരു പേടിസ്വപ്നമാണ്. ആകെ അഞ്ച് മത്സരങ്ങളാണ് ബയേണിനെതിരെ ടെർ സ്റ്റീഗൻ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 17 ഗോളുകളാണ് ടെർ സ്റ്റീഗന് വഴങ്ങേണ്ടി വന്നിട്ടുള്ളത്. മാത്രമല്ല അലയൻസ് അരീനയിൽ ഒരൊറ്റ വിജയം പോലും നേടാൻ ടെർ സ്റ്റീഗന് കഴിഞ്ഞിട്ടില്ല.

2015-ലെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലാണ് ആദ്യമായി ടെർ സ്റ്റീഗൻ ബയേണിനെ നേരിടുന്നത്.അന്ന് ക്യാമ്പ് നൗവിൽ വെച്ച് നടന്ന ആദ്യപാദ മത്സരത്തിൽ ഗോളുകളൊന്നും താരത്തിന് വഴങ്ങേണ്ടി വന്നിരുന്നില്ല. എന്നാൽ രണ്ടാം പാദ മത്സരത്തിൽ അലയൻസ് അരീനയിൽ വെച്ച് മൂന്ന് ഗോളുകളാണ് ബാഴ്സ ഗോൾ കീപ്പർ വഴങ്ങിയത്.

2020ലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരമായിരുന്നു ടെർ സ്റ്റീഗന് ഏറ്റവും കൂടുതൽ പ്രഹരം ഏൽപ്പിച്ചത്. ഒരു മത്സരത്തിൽ മാത്രമായി എട്ടു ഗോളുകളാണ് അന്ന് ടെർ സ്റ്റീഗൻ വഴങ്ങിയത്. രണ്ടാം പാദം ഇല്ലാത്തത് ഒരർത്ഥത്തിൽ ടെർ സ്റ്റീഗന് ഗുണകരമാവുകയായിരുന്നു.

കഴിഞ്ഞ ചാമ്പ്യൻസ് ലീഗിലും കാര്യങ്ങൾക്ക് വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.ബയേണും ബാഴ്സയും ഒരേ ഗ്രൂപ്പിലായിരുന്നു. രണ്ട് പാദങ്ങളിലും മൂന്ന് ഗോളുകൾ വീതമാണ് ഈ ജർമൻ ഗോൾകീപ്പർക്ക് വഴങ്ങേണ്ടി വന്നത്. ഇങ്ങനെ 5 മത്സരങ്ങളിൽ നിന്ന് മാത്രമായി 17 ടെർ സ്റ്റീഗൻ വഴങ്ങി കഴിഞ്ഞു.

ഇനി ഒരിക്കൽ കൂടി അലയൻസ് അരീനയിൽ ഇറങ്ങുമ്പോൾ ഈ ഗോൾകീപ്പർക്കു മുന്നിൽ ലക്ഷ്യം ഒന്നുമാത്രമായിരിക്കും. ക്ലീൻ ഷീറ്റ് നേടിക്കൊണ്ട് ഒരു വിജയം സ്വന്തമാക്കണമെന്നുള്ള ലക്ഷ്യം. അതിന് സാധിക്കുമോ എന്നുള്ളതിനാണ് ഫുട്ബോൾ ലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *