ടിക്കറ്റുകൾ മറിച്ച് വിറ്റുവോ? യുണൈറ്റഡ് സ്വന്തം ആരാധകർക്കെതിരെ അന്വേഷണം നടത്തുന്നു!

കഴിഞ്ഞ ദിവസം യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു തുർക്കിഷ് ക്ലബ്ബായ ഗലാറ്റസറെ അവരെ പരാജയപ്പെടുത്തിയത്. സ്വന്തം മൈതാനമായ ഓൾഡ് ട്രഫോഡിലാണ് ഈയൊരു തോൽവി യുണൈറ്റഡിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഇതോടെ ചാമ്പ്യൻസ് ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും യുണൈറ്റഡ് പരാജയപ്പെട്ടു കഴിഞ്ഞു.

യുണൈറ്റഡിന്റെ സ്റ്റേഡിയത്തിൽ അനുവദിക്കപ്പെട്ട എവേ സ്റ്റാൻഡിൽ ഗലാറ്റ്സറെ ആരാധകർ നിറഞ്ഞിരുന്നു. ഇതിന് പുറമെ ഹോം സെക്ഷനിലും ഗലാറ്റ്സറെ ആരാധകർ ഉണ്ടായിരുന്നു. ഏകദേശം ആയിരത്തോളം ഗലാറ്റ്സറെ ആരാധകരാണ് യുണൈറ്റഡ് ആരാധകർക്ക് അനുവദിച്ച് നൽകിയ സ്ഥലത്ത് ഉണ്ടായിരുന്നത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്.മത്സരശേഷം ഇവർ വിജയം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളൊക്കെ ഇപ്പോൾ പുറത്തേക്കു വന്നിട്ടുണ്ട്.

ഇതോടെ ഈ ആരാധകർക്ക് എങ്ങനെയാണ് ടിക്കറ്റ് ലഭിച്ചത് എന്ന കാര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ ഇപ്പോൾ ഒരു അന്വേഷണം നടത്തുന്നുണ്ട്.പ്രമുഖ മാധ്യമമായ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രണ്ട് സാധ്യതകളാണ് ഇവിടെയുള്ളത്, ഒന്നുകിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകർ തങ്ങളുടെ ടിക്കറ്റുകൾ ഗലാറ്റ്സറെ ആരാധകർക്ക് മറിച്ചുവിട്ടു, അതല്ലെങ്കിൽ യുക്കെയിൽ താമസിക്കുന്ന തുർക്കിഷ് ആരാധകർ യുക്കെയിലെ അഡ്രസ്സ് ഉപയോഗിച്ചുകൊണ്ട് ടിക്കറ്റ് എടുത്തു, ഇതിൽ ഏതാണ് സംഭവിച്ചത് എന്നതാണ് ഇപ്പോൾ യുണൈറ്റഡ് അന്വേഷിക്കുന്നത്.

സ്വന്തം ആരാധകർ ടിക്കറ്റുകൾ മറിച്ച് വിൽക്കുന്നത് ഫുട്ബോൾ ലോകത്ത് പുതിയ സംഭവമല്ല. നേരത്തെ ബാഴ്സലോണ ആരാധകർ ഏകദേശം 30,000 ഓളം ടിക്കറ്റുകൾ ഫ്രാങ്ക്‌ഫർട്ട് ആരാധകർക്ക് മറിച്ച് വിറ്റിരുന്നു.ഇത് ഫുട്ബോൾ ലോകത്തെ ബാഴ്സക്ക് വലിയ നാണക്കേട് സമ്മാനിച്ചിരുന്നു.യുണൈറ്റഡ് ആരാധകരും അതുതന്നെയാണോ ചെയ്തത് എന്നതാണ് ഇപ്പോൾ ഫുട്ബോൾ ലോകം അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *