ഞാൻ ചിരിക്കുകയായിരുന്നു,അദ്ദേഹം മനുഷ്യനല്ലെന്ന് എതിർഗോൾകീപ്പർ പറഞ്ഞു : ഹാലന്റിന്റെ ഗോളുകളെ കുറിച്ച് ഗ്രീലിഷ്!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിരുന്നു. എതിരല്ലാത്ത 5 ഗോളുകൾക്കാണ് സിറ്റി കോപൻഹേഗനെ പരാജയപ്പെടുത്തിയത്. ഒരിക്കൽ കൂടി സൂപ്പർതാരം ഹാലണ്ട് ഇരട്ടഗോളുകൾ നേടിക്കൊണ്ടു തിളങ്ങുകയായിരുന്നു. ഈ സീസണിൽ 19 ഗോളുകൾ പൂർത്തിയാക്കാൻ ഹാലന്റിന് സാധിച്ചിട്ടുണ്ട്.
ഏതായാലും താരത്തെ പ്രശംസിച്ചുകൊണ്ട് ഇപ്പോൾ സഹതാരമായ ജാക്ക് ഗ്രീലിഷ് വന്നിട്ടുണ്ട്.ഹാലന്റ് ഗോളുകൾ നേടിയപ്പോൾ അത്ഭുതം കൊണ്ട് താൻ ചിരിക്കുകയായിരുന്നു എന്നാണ് ഗ്രീലിഷ് പറഞ്ഞിട്ടുള്ളത്.ഹാലന്റ് മനുഷ്യൻ അല്ലെന്ന് എതിർഗോൾകീപ്പർ അപ്പോൾ തന്നോട് പറഞ്ഞുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ഗ്രീലിഷിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Even opposing keepers can't understand Haaland 😅 pic.twitter.com/QW35FFKLYx
— ESPN FC (@ESPNFC) October 5, 2022
” സത്യം പറഞ്ഞാൽ അവിശ്വസനീയമായ കാര്യങ്ങളാണ് അദ്ദേഹം ചെയ്തുകൂട്ടുന്നത്.എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ഇതുവരെ ഞാൻ കണ്ടിട്ടില്ല.ഹാലന്റ് ആദ്യത്തെയും രണ്ടാമത്തെയും ഗോളുകൾ നേടിയപ്പോൾ ഞാൻ ചിരിക്കുകയായിരുന്നു. ഞാൻ തിരിഞ്ഞ് നടക്കുന്ന സമയത്ത് എതിർ ഗോൾകീപ്പർ എന്നോട് ഒരു കാര്യം പറഞ്ഞു.ഹാലന്റ് മനുഷ്യനല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ ഗോൾകീപ്പറോട് ചോദിച്ചു,നിങ്ങൾ എന്നോട് തന്നെയാണോ പറയുന്നത്. ഈയൊരു ഫോം അദ്ദേഹത്തിന് തുടർന്ന് കൊണ്ടുപോകാൻ കഴിയുമെന്നും അദ്ദേഹം ഞങ്ങളെ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് ജാക്ക് ഗ്രീലിഷ് പറഞ്ഞത്.
പ്രീമിയർ ലീഗിൽ 14 ഗോളുകൾ നേടിയ ഹാലന്റാണ് ടോപ് സ്കോറായി നിലകൊള്ളുന്നത്. അതേസമയം യുഎഫ് ചാമ്പ്യൻസ് ലീഗിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ഹാലന്റ് തന്നെയാണ്. 5 ഗോളുകളാണ് താരം നേടിയിട്ടുള്ളത്.