ഞങ്ങൾ ലിവർപൂളിനോട് പരാജയപ്പെടുമെന്ന് ആരും കരുതേണ്ട: വിയ്യാറയൽ സൂപ്പർ താരം!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആദ്യപാദ സെമി ഫൈനൽ പോരാട്ടത്തിൽ പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ കളത്തിലേക്കിറങ്ങുന്നുണ്ട്. സ്പാനിഷ് ക്ലബ്ബായ വിയ്യാറയലാണ് ലിവർപൂളിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് ആൻഫീൽഡിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
എന്നാൽ ഈ മത്സരത്തിന് മുന്നേ വിയ്യാറയൽ സൂപ്പർതാരമായ സാമുവൽ ചുക് വീസ ലീവർപൂളിന് ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതായത് എല്ലാവരും കരുതുന്നത് ലിവർപൂൾ വിജയിക്കുമെന്നാണെന്നും എന്നാൽ വിയ്യാറയൽ പരാജയപ്പെടുമെന്നുള്ളത് ആരും കരുതേണ്ട എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം ബിബിസി സ്പോർട്ട് ആഫ്രിക്കയോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ചുക് വീസയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 27, 2022
” ഞങ്ങൾക്ക് ലിവർപൂളിനെ കുറിച്ച് എല്ലാമറിയാം. അവർ വിജയിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ സമ്മർദ്ദം അവർക്ക് മേലാണ്. ലോകത്തിലെ ഏത് ടീമുമായും പോരാടാനുള്ള സ്ക്വാഡും പരിശീലകനും ഞങ്ങൾക്കുണ്ട്. പലരും ലിവർപൂൾ വിജയിക്കുമെന്ന് പ്രവചനങ്ങൾ നടത്തിക്കഴിഞ്ഞു. അത് സാധാരണയാണ്. പക്ഷേ ഞങ്ങൾ ലിവർപൂളിനോട് തോൽക്കാനൊന്നും പോവുന്നില്ല. എന്തുകൊണ്ട് ഞങ്ങൾക്ക് ഏറ്റവും മികച്ച റിസൾട്ട് ലക്ഷ്യം വെച്ചു കൂടാ? അത് ചെയ്യാൻ കഴിയുമെന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ” ഇതാണ് ചുക് വീസ പറഞ്ഞിട്ടുള്ളത്.
ക്വാർട്ടർ ഫൈനലിൽ കരുത്തരായ ബയേണിനെ അട്ടിമറിച്ചുകൊണ്ടാണ് വിയ്യാറയൽ സെമിയിലേക്ക് യോഗ്യത കരസ്ഥമാക്കിയത്.അന്ന് വിയ്യാറയലിന്റെ വിജയ ഗോൾ നേടിയത് ചുക് വീസയായിരുന്നു.