ഞങ്ങളെക്കാൾ മികച്ചു നിന്നു,പിഎസ്ജി ജയം അർഹിച്ചത്: ആഞ്ചലോട്ടി!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ പ്രീക്വാർട്ടറിൽ മത്സരത്തിൽ റയൽ മാഡ്രിഡ് പരാജയം രുചിച്ചിരുന്നു . ഏകപക്ഷീയമായ ഒരു ഗോളിന് പിഎസ്ജിയാണ് സ്വന്തം മൈതാനത്ത് റയലിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അവസാനത്തിൽ എംബപ്പേ നേടിയ ഗോളിലൂടെ പിഎസ്ജി ജയം സ്വന്തമാക്കുകയായിരുന്നു. മികച്ച പ്രകടനമാണ് മത്സരത്തിൽ പിഎസ്ജി കാഴ്ച്ചവെച്ചത്.

ഇപ്പോഴിതാ മത്സരത്തിൽ റയലിനേക്കാൾ മികച്ച പ്രകടനം പുറത്തെടുത്തത് പിഎസ്ജിയാണ് എന്നുള്ള കാര്യം റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി തുറന്ന് സമ്മതിച്ചിട്ടുണ്ട്.പിഎസ്ജിയാണ് വിജയം അർഹിച്ചതെന്നും ആഞ്ചലോട്ടി കൂട്ടിച്ചേർത്തു. മത്സരശേഷം കനാൽ പ്ലസിനോട് സംസാരിക്കുകയായിരുന്നു റയലിന്റെ പരിശീലകൻ.

“പിഎസ്ജി ജയം അർഹിച്ചിരുന്നു,എന്തെന്നാൽ ഞങ്ങളെക്കാൾ മികച്ച പ്രകടനം പുറത്തെടുത്തത് അവരാണ്. സമ്മർദ്ദത്തിൽ നിന്നും മുക്തരാവുന്നതിൽ ഞങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.സാധാരണ രൂപത്തിൽ അത് ഞങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാറുണ്ട്.ഡിഫൻസീവ് കോർഡിനേഷന്റെ അഭാവം ഞങ്ങൾക്കുണ്ടായിരുന്നു.യഥാർത്ഥത്തിൽ ഇത് ഞങ്ങളുടെ രാത്രിയായിരുന്നില്ല. പക്ഷേ ആദ്യപാദം മാത്രമാണ് അവസാനിച്ചിരിക്കുന്നത്. രണ്ടാംപാദത്തിൽ ഞങ്ങൾ ആത്മവിശ്വാസത്തോടുകൂടി ഇറങ്ങും. കാണികൾ ഞങ്ങളുടെ പിറകിലുണ്ടാവും. അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുക എന്നുള്ളത് അസാധ്യമായ കാര്യമല്ല ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിരിക്കുന്നത്.

മാർച്ച് ഒമ്പതാം തീയതിയാണ് ഇനി പിഎസ്ജിയും റയലും തമ്മിൽ രണ്ടാംപാദ മത്സരം കളിക്കുക. റയലിനെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വെച്ചാണ് ഈയൊരു പോരാട്ടം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *