ജേതാക്കൾക്ക് ചാമ്പ്യൻസ് ലീഗ് ട്രോഫി കൈവശം വെക്കാൻ സാധിക്കുമോ? ട്രോഫിയെ കുറിച്ച് അറിയേണ്ടതെല്ലാം !

ചാമ്പ്യൻസ് ലീഗിന്റെ മറ്റൊരു ഫൈനലിന് കൂടി ഇന്ന് അരങ്ങൊരുങ്ങുകയാണ്. ആറാം കിരീടം ലക്ഷ്യമിടുന്ന ബയേണും കന്നികിരീടം സ്വപ്നം കണ്ടിറങ്ങുന്ന പിഎസ്ജിയുമാണ് ഇന്ന് ഫൈനലിൽ മാറ്റുരക്കുന്നത്. ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ ക്ലബ് എന്ന കാര്യത്തിൽ റയൽ മാഡ്രിഡ്‌ ഒരുപാട് മുമ്പിലാണ് പതിമൂന്ന് കിരീടങ്ങൾ ആണ് റയൽ മാഡ്രിഡിന്റെ ഷെൽഫിൽ ഉള്ളത്. എന്നാൽ ഈ കപ്പുകൾ തന്നെ എല്ലാം യാഥാർത്ഥ്യമാണോ എന്ന് സംശയം ഉയർന്നേക്കും. ഈ സംശയത്തിനുള്ള ഉത്തരം ഇങ്ങനെയാണ്. യുവേഫയുടെ 1968/69 നിയമം അനുസരിച്ച് രണ്ട് വിഭാഗക്കാർക്ക് മാത്രമായിരുന്നു ഒറിജിനൽ ട്രോഫി കൈവശം വെക്കാൻ അവകാശമുണ്ടായിരുന്നത്. ആകെ അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് വിജയിക്കുന്ന ക്ലബുകൾക്കും കൂടാതെ മൂന്ന് തവണ തുടർച്ചയായി കിരീടം നേടുന്ന ക്ലബിനും ട്രോഫിയുടെ ഒറിജിനൽ കൈവശം വെക്കാൻ യുവേഫ നൽകുമായിരുന്നു. റയൽ മാഡ്രിഡ്‌, അയാക്സ്, ബയേൺ മ്യൂണിക്ക്, മിലാൻ, ലിവർപൂൾ, ബാഴ്സലോണ ഇവരെല്ലാം തന്നെ ഇതിന് അർഹരായിട്ടുണ്ട് എന്ന് യുവേഫ അറിയിക്കുന്നു.

എന്നാൽ 2008/09 യുവേഫ നിയമം മാറ്റി. അതുപ്രകാരം ഒറിജിനൽ ട്രോഫി ആർക്കും കൈവശം വെക്കാൻ നൽകില്ല. പകരം അതിന്റെ ഡ്യൂപ്ലിക്കേറ്റ് ആണ് നൽകുക. നിലവിലെ ട്രോഫിയുടെ ഉയരം എന്നുള്ളത് 73.5 സെന്റിമീറ്റർ ആണ്. അതേസമയം ഭാരം 7.5 കിലോ വരും. നിലവിലെ ട്രോഫി അഞ്ചാമത്തെ ഡിസൈൻ ആണ്. 1967-ലാണ് ഈ ട്രോഫിയുടെ ആദ്യഡിസൈൻ നിർമിക്കപ്പെട്ടത്. ജൂർഗ് സ്റ്റേഡൽമാൻ എന്ന വ്യക്തിയാണ് ഈ ട്രോഫി ഡിസൈൻ ചെയ്തത്. ഏകദേശം 340 മണിക്കൂറാണ് അദ്ദേഹത്തിന് ഈ ട്രോഫി നിർമിക്കാൻ വേണ്ടി എടുത്ത സമയം. 1955/56 മുതൽ യൂറോപ്യൻ കപ്പ്‌ എന്ന രൂപത്തിൽ ആണ് ഇത് ആരംഭിച്ചത്. തുടർന്ന് 1992/93-ൽ ഇത് യുവേഫ ചാമ്പ്യൻസ് ലീഗ് എന്ന രൂപത്തിലേക്ക് മാറി. അതിന് ശേഷം റയൽ 7 തവണയും ബാഴ്സ 4 തവണയും ഈ കിരീടം നേടി.

Leave a Reply

Your email address will not be published. Required fields are marked *