ജീസസിന് മുന്നിൽ തലകുനിച്ച് റയൽ മാഡ്രിഡ്‌, ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത് !

അത്ഭുതങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല. ആദ്യപാദത്തിലെ അതേ മാർജിനിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി ഒരിക്കൽ കൂടി വെന്നിക്കൊടി നാട്ടിയപ്പോൾ റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗിന് പുറത്തേക്കുള്ള വഴി തുറന്നു. ഇന്നലെ നടന്ന പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റി റയൽ മാഡ്രിഡിനെ കീഴടക്കിയത്. ഇതോടെ അഗ്രിഗേറ്റിൽ 4-2 ന്റെ തകർപ്പൻ വിജയവുമായാണ് സിറ്റി ക്വാർട്ടറിലേക്ക് മുന്നേറിയിരിക്കുന്നത്. ഒരു ഗോളും ഒരു അസിസ്റ്റും നേടി കൊണ്ട് ഗബ്രിയേൽ ജീസസ് ആണ് ഇന്നലത്തെ മാഞ്ചസ്റ്റർ സിറ്റിയുടെ ഹീറോ. ക്വാർട്ടറിൽ ലിയോണിനെയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് നേരിടേണ്ടി വരിക.

അഗ്വേറൊയുടെ അഭാവത്തിലായിരുന്നു സിറ്റി ഇന്നലെ ഇറങ്ങിയത്. മറുഭാഗത്ത് നായകൻ റാമോസ് സസ്‌പെൻഷൻ മൂലം പുറത്തിരുന്നതിന്റെ ഫലം തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങിയതിലൂടെ കണ്ടു. റയൽ ഡിഫൻഡർ റാഫേൽ വരാനെ വരുത്തി വെച്ച വലിയ പിഴവാണ് ഒൻപതാം മിനുട്ടിൽ തന്നെ റയൽ ഗോൾ വഴങ്ങാൻ കാരണം. വരാനെയുടെ കാലുകളിൽ നിന്ന് പന്ത് റാഞ്ചിയ ജീസസ് അത് സ്റ്റെർലിങ്ങിന് വെച്ച് നീട്ടുകയും അത് ഗോളാക്കി മാറ്റുകയുമായിരുന്നു. എന്നാൽ 28-ആം മിനിറ്റിൽ റയൽ സമനില നേടി. റോഡ്രിഗോയുടെ ക്രോസിൽ നിന്ന് ഒരു തകർപ്പൻ ഹെഡറിലൂടെയാണ് ബെൻസിമ സമനില നേടിക്കൊടുത്തത്. രണ്ടാം പകുതിയുടെ 68-ആം മിനുട്ടിൽ ജീസസ് വീണ്ടും രക്ഷകനായി. റയൽ മാഡ്രിഡ്‌ ഗോൾകീപ്പർ കോർട്ടുവയെ കബളിപ്പിച്ചാണ് താരം വലകുലുക്കിയത്. റയൽ മാഡ്രിഡിന്റെ ഗോൾശ്രമങ്ങൾക്ക് വിലങ്ങുതടിയായി എഡേഴ്‌സണും നിലകൊണ്ടതോടെ റയൽ മാഡ്രിഡ്‌ പരാജയം സമ്മതിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *